ആലപ്പുഴ: നായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ നവംബർ ആദ്യവാരം ജില്ലയിൽ രണ്ട് എ.ബി.സി സെന്റർ ആരംഭിക്കാൻ ജില്ല വികസനസമിതി യോഗം നിര്‍ദേശിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്യോഗസ്ഥരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കലക്ടർ ജോണ്‍ വി. സാമുവലാണ് നവംബർ ആദ്യം എ.ബി.സി തുടങ്ങാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.
യു. പ്രതിഭ എം.എൽ.എയും സമാന വിഷയം ഉന്നയിച്ചു. ദേശീയപാതയുടെ നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പ് പൊട്ടുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്നും പി.പി. ചിത്തരഞ്ജൻ എം.എൽ.എ ആവശ്യപ്പെട്ടു. അരൂർ-കുമ്പളങ്ങി പാലത്തിന്റെ താഴെയുള്ള ഭാഗത്ത് ഉപയോഗശൂന്യമായ വസ്തുക്കൾ സംഭരിക്കുന്നതുമൂലം മാലിന്യം കുമിഞ്ഞുകൂടുന്നുവെന്നും ജലമലിനീകരണം സംഭവിക്കുമെന്നും ചൂണ്ടിക്കാട്ടിയ ദലീമ ജോജോ എം.എൽ.എ പ്രസ്തുത പ്രദേശത്തിന്റ ഉടമസ്ഥത പരിശോധിച്ച് പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കായംകുളം നിയോജകമണ്ഡലത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്ലാൻ ലഭ്യമാക്കണമെന്നും അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി ചര്‍ച്ചചെയ്തു വേണം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ വികസന പ്രവര്‍ത്തനങ്ങൾ ആവിഷ്കരിക്കേണ്ടതെന്നും യു. പ്രതിഭ എം.എൽ.എ പറഞ്ഞു.
പൊതുമരാമത്ത് നിരത്ത് വിഭാഗവുമായി കൂടിയാലോചിച്ച് വാട്ടർ അതോറിറ്റിയുടെ ജലവിതരണ കുഴലുകൾ സ്ഥാപിക്കണമെന്നും നിശ്ചിത സമയത്തിനുള്ളിൽ റോഡുകൾ പുനര്‍നിർമിക്കണമെന്നും എം.എസ്. അരുൺകുമാർ എം.എൽ.എ പറഞ്ഞു. പോരുക്കര ഗോവേന്ദപ്പാലം, ജി.പി.എം കന്നിട്ടപ്പറമ്പ് പാലം എന്നിവയുടെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തികളിൽ സ്പെഷൽ തഹസില്‍ദാർ (സ്ഥലമെടുപ്പ്) ജനറൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണെന്ന് തോമസ് കെ. തോമസ് എം.എൽ.എ ആവശ്യപ്പെട്ടു.
കലക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ തോമസ് കെ. തോമസ്, പി.പി. ചിത്തരഞ്ജൻ, ദലീമ ജോജോ, എം.എസ്. അരുൺകുമാർ, യു. പ്രതിഭ, മന്ത്രി സജി ചെറിയാന്റെ പ്രതിനിധി ഡി.വി. ഷാജി, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി കെ. ഗോപകുമാർ, ജില്ല പ്ലാനിങ് ഓഫിസർ എം.പി. അനിൽകുമാർ, ജില്ല ഇർഫർമേഷൻ ഓഫിസർ കെ.എസ്. സുമേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.