ചാരുംമൂട്: പാലമേൽ പഞ്ചായത്തിലെ മലനിരകൾ തുരന്ന് മണ്ണെടുക്കുന്നതോടെ ജില്ലയിലെ പ്രധാന മലകൾ കൂടി ഓർമയാകും.ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നേരത്തേതന്നെ റിപ്പോർട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും മന്ത്രിയുമായ പി. പ്രസാദ്, പ്രമോദ് നാരായണൻ എം.എൽ.എ എന്നിവരുടെ സ്വന്തം വാർഡായ മറ്റപ്പള്ളി മലയിൽനിന്നാണ് കഴിഞ്ഞ ദിവസം മണ്ണ് ഖനനം നടന്നത്. സമരം ചെയ്തവർക്ക് ക്രൂരമായ പൊലീസ് മർദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
പഞ്ചായത്തിലെ മറ്റപ്പള്ളിമല, പുലിക്കുന്ന് മല, ആദിക്കാട്ടുകുളങ്ങര മല, ഞവരക്കുന്ന് മല എന്നിവയിൽനിന്നാണ് മണ്ണ് ഖനനം ചെയ്യാൻ ശ്രമം നടക്കുന്നത്.
ജൈവവൈവിധ്യങ്ങളുടെ കലവറയായ മലകളിൽനിന്നു മണ്ണ് ഖനനം ചെയ്യുന്നതിനെതിരെ നിരവധി പ്രതിരോധങ്ങൾ നാട്ടുകാർ നടത്തിയിട്ടുണ്ട്. ഭൂചലനം, ചുഴലിക്കാറ്റ്, മണ്ണിടിച്ചിൽ എന്നിവ മൂലം മരണവും നാശനഷ്ടങ്ങളുമുണ്ടായ പരിസ്ഥിതിലോല പ്രദേശമാണിത്. വർഷങ്ങൾക്ക് മുമ്പ് വീടിനു മുകളിൽ മലയിടിഞ്ഞ് ഒരാൾ മരിച്ചിരുന്നു. 2018 സെപ്റ്റംബർ 12നുണ്ടായ ഭൂചലനത്തിൽ പാലമേൽ പഞ്ചായത്തിലെ ഇരുനൂറോളം വീടുകൾക്ക് വിള്ളലുണ്ടായി. ഇതോടൊപ്പം സമീപ പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലെ വീടുകൾക്കും നാശനഷ്ടമുണ്ടായി. മണ്ണെടുപ്പുമൂലം ഉണ്ടായ പ്രശ്നങ്ങളാണ് ഇതിനു കാരണമെന്ന് സംഭവസ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു.
മറ്റപ്പള്ളി മലയിലെ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്കും മണ്ണെടുപ്പ് ഭീഷണിയാണ്. ഈ കുന്നുകളുടെ അടിവാരത്തിലാണ് കരിങ്ങാലിപ്പുഞ്ചയും പ്രദേശത്ത് ജലലഭ്യത ഉറപ്പുവരുത്തുന്ന തണ്ണീർത്തടങ്ങളുമുള്ളത്.
ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപാദിപ്പിക്കുന്ന ഗ്രാമമായ പാലമേൽ പഞ്ചായത്തിലെ മലയടിവാരത്തുള്ള നെൽവയലുകളും ഹരിത സമ്പുഷ്ടമാണ്. സംസ്ഥാനപാതയായ കെ.പി. റോഡിനടുത്തുള്ള മറ്റപ്പള്ളിയിലെ കുന്നിടിച്ചാൽ എളുപ്പം ലോറികളിൽ ദേശീയപാതയിലേക്ക് മണ്ണുകൊണ്ടുപോകാമെന്നതും കരാറുകാരെ ഇവിടേക്ക് ആകർഷിക്കുന്നു. ഒരു ഹെക്ടര്‍ തുരന്നാൽ കിട്ടുന്നത് 95,700 മെട്രിക് ടണ്‍ മണ്ണാണ്. ഇത്തരത്തില്‍ ഏക്കർ കണക്കിന് ഭൂമിയിൽനിന്ന് മണ്ണ് ഖനനം നടത്താനാണ് കരാറെന്നു പറയുന്നു. ഖനനം അനുവദിച്ചാൽ ഘട്ടം ഘട്ടമായി ഈ ഭൂമിയിൽനിന്ന് തുടർന്നും മണ്ണ് എടുക്കുന്നതിന് അധികൃതര്‍ പാസ് അനുവദിക്കും.
ദേശീയപാത നിര്‍മാണം പൂർത്തിയാകുമ്പോള്‍ പാലമേൽ പഞ്ചായത്തിലെ മലനിരകളും ഇല്ലാതാവും. വികസനത്തിന് എതിരല്ലെന്നും ജനവാസംകുറഞ്ഞ മറ്റു പ്രദേശങ്ങളിൽനിന്ന് മണ്ണെടുക്കണമെന്നുമാണ് നാട്ടുകാർ പറയുന്നത്.
മന്ത്രിമാരടക്കം പങ്കെടുത്ത് 16ന് നടക്കുന്ന സർവകക്ഷി യോഗമാണ് നാട്ടുകാരുടെ പ്രതീക്ഷ. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ വൻ പ്രതിഷേധ സമരങ്ങൾക്ക് മറ്റപ്പള്ളി മല സാക്ഷ്യം വഹിക്കേണ്ടി വരും.
2008ൽ മണ്ണെടുക്കാൻ ശ്രമം നടന്നപ്പോൾ പഞ്ചായത്ത് ഹൈകോടതിയെ സമീപിച്ച് തടഞ്ഞിരുന്നു. തുടർന്നാണ് മലകൾ സംരക്ഷിക്കാൻ കോടതിയെ സമീപിച്ചത്. കോടതിയുടെ നിർദേശപ്രകാരം സെന്റർ ഫോർ എർത്ത് സയൻസ് പാലമേൽ അടക്കമുള്ള പഞ്ചായത്തുകളിൽ പരിസ്ഥിതി പഠനം നടത്തി. ഇവിടെ മണ്ണ് ഖനനം, ചെങ്കൽ ഖനനം ചളിയെടുപ്പ്, നിലം നികത്തൽ തുടങ്ങിയവ മൂലം ഗുരുതര പരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്.
ജില്ലയുടെ 9.3 ശതമാനം വിസ്തൃതിയും 8.1 ശതമാനം ജനസംഖ്യയും വരുന്ന ഈ പ്രദേശങ്ങളിൽ നേരിട്ടും ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം വഴിയും പഠനം നടത്തിയ സംഘം ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന യാഥാർഥ്യങ്ങൾ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഖനനം നടത്തിയാൽ പ്രദേശങ്ങളിൽ ആറ് മാസം വരെ കുടിവെള്ളം ലഭ്യമാകാത്ത സ്ഥിതി ഉണ്ടാകുമെന്നും സെസ് അഭിപ്രായപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മുഴുവൻ ബാധകമാകുന്ന തരത്തിൽ നയതീരുമാനം എടുക്കാൻ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സെസിന്റെ റിപ്പോർട്ടുകളടക്കം പുറന്തള്ളിയാണ് ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് വീണ്ടും ഖനനത്തിന് അനുമതി നൽകിയത്. രണ്ടേക്കർ സ്ഥലത്തെ മണ്ണെടുക്കാനാണ് കരാറുണ്ടാക്കിയിട്ടുള്ളതെന്നാണ് പറയുന്നത്. ഇതിന്റെ മറവിൽ നൂറേക്കറിലേറെ കുന്നിടിച്ച് മണ്ണുകൊണ്ടുപോകാൻ കരാറുകാർ സ്ഥലമുടമകളുമായി ധാരണയിലെത്തിയതായി നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.