ഹരിപ്പാട്: സ്കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലെ പ്രതികളായ ദമ്പതികൾ അറസ്റ്റിൽ. നാലുകെട്ടും കവല കടവില്‍ രവിയുടെ മകള്‍ ആര്യയെയാണ് (21) സ്കൂട്ടര്കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നത്. സംഭവത്തില്‍ കരുവാറ്റ കൊച്ചുകടത്തശ്ശേരി വീട്ടില്‍ പ്രജിത്ത് (37), ഭാര്യ രാജി (28) എന്നിവരാണ് പിടിയിലായത്. മേയ് 25നായിരുന്നു സംഭവം.
രാമപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യ ജോലി കഴിഞ്ഞ് ഹരിപ്പാട്ടെ വസ്ത്രവ്യാപാര ശാലയില്‍ കയറിയശേഷം നങ്ങ്യാർകുളങ്ങര ജങ്ഷനിൽ കൂടി കടന്നുപോകുന്നതിനിടയിൽ യുവതിയുടെ സ്വർണാഭരണങ്ങൾ ദമ്പതികളുടെ ശ്രദ്ധയിൽപെട്ടു.
തുടർന്ന് യുവതിയെ പിന്തുടർന്ന ഇവർ രാത്രി എട്ടോടെ എൻ.ടി.പി.സി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ സ്കൂട്ടർ ഇടിപ്പിച്ച് അപകടം ഉണ്ടാക്കുകയായിരുന്നു. പിന്നീട് രക്ഷിക്കാനെന്ന വ്യാജേന എത്തി ഇവർ ആഭരണങ്ങൾ കവർന്ന ശേഷം കടന്നുകളഞ്ഞു.
യുവതി മറ്റാരോടും പറയാതിരിക്കാൻ മൊബൈല്‍ ചളിയില്‍ വലിച്ചെറിയുകയും ചെയ്തു. ഹെല്‍മെറ്റ് ധരിച്ച രണ്ട് പുരുഷന്മാര് എന്നായിരുന്നു ആര്യ പൊലീസിന് കൊടുത്ത മൊഴി. അന്വേഷണം ഊര്‍ജിതമാക്കിയ കരിയിലക്കുളങ്ങര പൊലീസ് സി.സി. ടി.വി കാമറകളും ഇത്തരം കേസുകളില്‍ സംശയിക്കുന്ന ആളുകളെയും സൂക്ഷ്മ നിരീക്ഷണം നടത്തി. ഒടുവില്‍ അന്വേഷണം പ്രതികളിലേക്ക് എത്തുകയായിരുന്നു.
ആഭരണങ്ങള്‍ ഡാണാപ്പടിയിലെ സ്വർണക്കടയില്‍ വിറ്റശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയ പ്രതികള്‍ പിന്നീട് നാട്ടിലേക്ക് വരുകയായിരുന്നു.
ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശ അനുസരണം കായംകുളം ഡിവൈ.എസ്.പി അജയ് നാഥിന്റെ മേല്‍നോട്ടത്തില്‍ കരിയിലക്കുളങ്ങര സി.ഐ എൻ. സുനീഷ്, എസ്.ഐ ബജിത്ത് ലാല്‍, എ.എസ്.ഐ പ്രദീപ്, ഉദ്യോഗസ്ഥരായ ദിവ്യ, സുഹൈല്‍, ഷമീര്‍, ഷാഫി, മണിക്കുട്ടന്, ഇയാസ്, ദീപക്, ഷാജഹാന്, അഖില്‍ മുരളി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.