ഹരിപ്പാട്: ജീവനക്കാരികളുമായി ചേർന്ന് മാർജിൻ ഫ്രീ മാർക്കറ്റിൽനിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ജീവനക്കാരികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. നഗരത്തിലെ മയൂര മാർജിൻ ഫ്രീ മാർക്കറ്റിലെ ജീവനക്കാരി വെട്ടുവേനി തിരുവാതിരയിൽ പ്രഭ(36), ഇവരുടെ ബന്ധുവായ വെട്ടുവേനി നെടിയത്തു വടക്കതിൽ വിദ്യ (32), കടയിലെ മറ്റൊരു ജീവനക്കാരിയായ പള്ളിപ്പാട് അറുപതിൽവീട്ടിൽ സുജിത (28 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യ പതിവായി കടയിൽ വരികയും സാധനങ്ങൾ വാങ്ങുകയും ചെയ്യും. എന്നാൽ, കാഷ് കൗണ്ടറിന്റെ ചുമതലയുള്ള പ്രഭ ബില്ല് നൽകുമെങ്കിലും കമ്പ്യൂട്ടറിൽ സേവ് ചെയ്യാതെ ഡിലീറ്റ് ചെയ്തുകളയും. പണംനൽകിയ രീതിയിൽ സാധനവുമായി ഇവർ തിരികെപ്പോവുകയും ചെയ്യും. ഇത് പലതവണ ഇവർ ആവർത്തിച്ചു. കഴിഞ്ഞദിവസം ഒരു സാധനം ഇവർ കൊണ്ടുപോയതിന്റെ ബില്ല് മറ്റൊരു ജീവനക്കാരി പരിശോധിച്ചപ്പോൾ കമ്പ്യൂട്ടറിൽ ഉണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നിയ ജീവനക്കാർ കമ്പ്യൂട്ടർ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പിന്റെ വിവരം മനസ്സിലാക്കുന്നത്. എട്ടുലക്ഷം രൂപയുടെ സാധനങ്ങൾ ഈ രീതിയിൽ തട്ടിപ്പിലൂടെ കടത്തിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.