ഹരിപ്പാട്: പട്ടാപ്പകൽ ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ വയോധിക അടക്കം മൂന്നുപേർക്ക് പരിക്ക്. ബന്ധുക്കൾ തമ്മിലുള്ള സ്വത്തുതർക്കമാണ് കാരണം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. കരുവാറ്റ 13ാം വാർഡ് വേലഞ്ചിറ തോപ്പിൽ രമാദേവി (79), മകൻ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ ഗിരി ഗോപിനാഥ് (49), ഭാര്യ ഇതേ ഡിപ്പോയിലെ കണ്ടക്ടർ താര (46) എന്നിവർക്കാണ് പരിക്കേറ്റത്. കണ്ടല്ലൂർ പുതിയവിള സ്നേഹാലയം വീട്ടിൽ ഭാസ്കരൻ (വേലഞ്ചിറ ഭാസ്കരൻ), കണ്ടല്ലൂർ തെക്ക് മുല്ലശ്ശേരിൽ സുനിൽകുമാർ, മുതുകുളം തെക്ക് അരുണാലയം വീട്ടിൽ അരുൺകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
ഗിരി ഗോപിനാഥന്റെ പിതാവ് പരേതനായ ഗോപിനാഥന്റെ പേരിലുള്ള മൂന്നര ഏക്കർ വസ്തു ഒന്നാം പ്രതിയും ബന്ധുവുമായ ഭാസ്കരന് കൊടുക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഭാസ്കരൻ ഒരുസംഘവുമായെത്തി രാത്രി ഗിരി ഗോപിനാഥന്റെ മുറിയിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദിക്കുകയായിരുന്നു. വലിച്ചിഴച്ച് വീടിനു പുറത്തുകൊണ്ടുവന്ന് മർദനം തുടർന്നു. മുദ്രപ്പത്രത്തിൽ ബലംപ്രയോഗിച്ച് കൈവിരൽ പതിപ്പിക്കുകയും സ്വർണക്കമ്മൽ പറിച്ചെടുക്കുകയും ചെയ്തു.
ഗിരി ഗോപിനാഥന്റെ പല്ലുകൾ നഷ്ടപ്പെടുകയും താടിയെല്ലിന് പൊട്ടൽ ഉണ്ടാവുകയും ചെയ്തു. തടയാനെത്തിയ മാതാവ് രമാദേവിയും ഭാര്യ താരയും ആക്രമണത്തിനിരയായി. ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ് രമാദേവിയുടെ തലക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസികളെയും ഗുണ്ട സംഘം അക്രമിച്ചു.
ദേശീയപാതക്ക് സമീപം കരുവാറ്റ കൽപകവാടി ഹോട്ടലിന് സമീപമാണ് ഗിരിയും കുടുംബവും താമസിക്കുന്നത്. ഇവരുടെ വസ്തുവിന് തൊട്ടുപിന്നിലുള്ള ഭാസ്കരന്റെ 52 ഏക്കർ വസ്തു വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഗിരി ഗോപിനാഥന്റെ പിതാവിന്റെ പേരിലുള്ള വസ്തുകൂടി ലഭിച്ചാൽ മാത്രമേ കച്ചവടം നടക്കുകയുള്ളൂ. വസ്തു ലഭിക്കാത്തതാണ് ആക്രമണത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് നേരത്തേയും തർക്കം ഉണ്ടാവുകയും ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിരുന്നതുമാണ്.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണെന്നും മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. ഒന്നാംപ്രതി ഭാസ്കരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതികളെ എസ്.എച്ച്.ഒ അഭിലാഷ് കുമാർ, എസ്.ഐമാരായ ശ്രീകുമാർ, ശ്രീകുമാരക്കുറുപ്പ്, രാജേഷ് ഖന്ന, സി.പി.ഒമാരായ അരുൺ, എ. നിഷാദ്, പ്രമോദ്, അഭിജിത് എന്നിവർ അടങ്ങുന്ന സംഘമാണ് ്പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.