ഹരിപ്പാട്: ഏറെ പ്രതീക്ഷ നൽകിയും കോടികൾ ചെലവഴിച്ചും നവീകരിച്ച ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സമുച്ചയം ആർക്കും ഉപകാരപ്പെടാതെ നോക്കുകുത്തിയായി. നിർമാണത്തിലെ അശാസ്ത്രീയതയും മറ്റു ചില സാങ്കേതിക പ്രശ്നങ്ങളുമാണ് നവീകരണം പാളാൻ കാരണം. ഇതുമൂലം കാലങ്ങളായി യാത്രക്കാരും ജീവനക്കാരും അനുഭവിച്ച ദുരിതങ്ങൾക്ക് ഇപ്പോഴും പരിഹാരമായില്ല. മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് പദ്ധതി ആവിഷ്കരിച്ചത്. ഡിപ്പോയും വാണിജ്യ സമുച്ചയവും ഉൾക്കൊള്ളുന്ന ആധുനിക സംവിധാനങ്ങളോട് കൂടിയ കെട്ടിടവും അനുബന്ധ സംവിധാനങ്ങളുമാണ് വിഭാവനം ചെയ്തത്. 2015ലാണ് പഴയ സ്റ്റാൻഡ് കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ എട്ടുവർഷം നീണ്ടു.
ഈ കാലയളവിൽ ജീവനക്കാരും യാത്രക്കാരും കടുത്ത ദുരിതമാണ് അനുഭവിച്ചത്. അഞ്ചു കോടി രൂപ മുടക്കിയാണ് വാണിജ്യസമുച്ചയം നിർമിച്ചത്. പലതവണ ലേലം വിളിച്ചിട്ടും കടമുറികൾ ആരും ലേലത്തിന് എടുത്തിട്ടില്ല. നിലവിൽ ഒരു ബാങ്ക് പ്രവർത്തിക്കുന്നുണ്ട്.ദേശീയപാത വികസനം മുന്നിൽ കാണാതെയുള്ള നിർമാണം വികസനത്തിന്റെ ലക്ഷൃം തന്നെ അട്ടിമറിച്ചിരിക്കുകയാണ്. ഒരു ബസ് പോലും നിർത്തിയിടാനുള്ള സൗകര്യം നവീകരിച്ച കെട്ടിടത്തിന്റെ മുന്നിലില്ല. അതു കൊണ്ടു തന്നെ ഗ്യാരേജ് നിലനിന്ന സ്ഥലത്താണ് താൽക്കാലിക സൗകര്യങ്ങൾ ഒരുക്കി ഇപ്പോൾ ഡിപ്പോ പ്രവർത്തനം. സ്റ്റേഷൻ മാസ്റ്റർ ഓഫീസും ഇതിനോടൊപ്പം തന്നെയാണ്.
ഫലത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും നവീകരിച്ച കെട്ടിടം പ്രയോജനപ്പെടുന്നില്ല. മാത്രമല്ല അശാസ്ത്രീയ നിർമാണം മൂലം വാണിജ്യാവശ്യങ്ങൾക്കും പ്രയോജനപ്പെടുന്നില്ല. യാത്രക്കാർ കയറാത്തതിനാൻ കടകളെടുക്കാൻ കച്ചവടക്കാർ സന്നദ്ധരല്ല. കൂടാതെ അമിത വാടകയും. കട വാടക കുറക്കണമെന്ന നിർദേശം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ രമേശ് ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്.
പ്രശ്നം ഗൗരവമായി പരിഗണിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നിരുത്തരവാദപരമായ പ്രവർത്തനങ്ങളാണ് കോടികൾ തുലച്ചിട്ടും ആർക്കും ഗുണപ്പെടാതെ പോയതിന് പിന്നിൽ. ഇങ്ങനെയൊരു വികസനം ഒരു ഡിപ്പോക്കും വരുത്തരുതേ എന്നാണ് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്കും യാത്രക്കാർക്കും ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.