ആലപ്പുഴ: മേലുദ്യോഗസ്ഥരോട് അച്ചടക്ക ലംഘനം നടത്തുകയും അകാരണമായി ശമ്പളം തടഞ്ഞ് ജീവനക്കാരെൻറ മനുഷ്യാവകാശം ലംഘിക്കുകയും ചെയ്തെന്ന പരാതിയിൽ ആര്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർക്കെതിരെ നിയമനടപടിക്ക് സർക്കാർ. വകുപ്പുതല അന്വേഷണം നടത്തിയശേഷമാകും നടപടിയെന്ന് ആരോഗ്യ ഡയറക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
മെഡിക്കൽ ഓഫിസർക്കെതിരെ അന്വേഷണം നടത്തി യുക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. വൈക്കം താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.ആർ. പ്രതാപ് രാജാണ് പരാതിക്കാരൻ.
ആര്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലിയിലിരിക്കെ പരാതിക്കാരന് 2018 ജൂലൈ 11ന് വൈക്കത്തേക്ക് സ്ഥലംമാറ്റം കിട്ടി. വർഷങ്ങൾ കഴിഞ്ഞിട്ടും ആര്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. കണ്ണൻ അവസാന വേതന പത്രം (ലാസ്റ്റ് പേ സർട്ടിഫിക്കറ്റ്) വൈക്കം ആശുപത്രിയിലേക്ക് അയച്ചുകൊടുത്തില്ല. ഇത് കിട്ടാത്തതു കാരണം പരാതിക്കാരന് മൂന്നുവർഷമായി ശമ്പളം ലഭിച്ചിരുന്നില്ല.
പരാതിയുടെ അടിസ്ഥാനത്തിൽ, കമീഷൻ ആലപ്പുഴ ജില്ല മെഡിക്കൽ ഓഫിസറിൽനിന്ന് റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ ചുമതല കൈമാറാത്തതുകൊണ്ടാണ് അവസാന വേതന പത്രം നൽകാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ ഓഫിസറാണ് ഇത് നൽകേണ്ടത്. വേതന പത്രം തടയുന്നത് ഗുരുതര വീഴ്ചയാണെന്ന് ഡി.എം.ഒ കമീഷനെ അറിയിച്ചു.
ഡോ. കണ്ണനെതിരെ കമീഷൻ വകുപ്പുതല നടപടിക്ക് ഉത്തരവിടണമെന്നും ഡി.എം.ഒ കമീഷനോട് അഭ്യർഥിച്ചു. ഇതേരീതിയിൽ ഡോ. കണ്ണൻ മുമ്പും പ്രവർത്തിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നിരവധി തവണ കമീഷനിൽനിന്ന് നോട്ടീസും സമൻസും അയച്ചിട്ടും ഡോ. കണ്ണൻ മറുപടി നൽകുകയോ നേരിൽ ഹാജരാവുകയോ ചെയ്തില്ല. പരാതിക്കാരെൻറ അവസാന വേതനപത്രം അയച്ചുനൽകി ശമ്പള കുടിശ്ശിക ഉൾപ്പെടെ നൽകാൻ ആലപ്പുഴ ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ ഡയറക്ടർ കമീഷനെ അറിയിച്ചു.
എത്രയും വേഗം ജീവനക്കാരനായ പ്രതാപ് രാജിെൻറ പരാതി പൂർണമായി പരിഹരിക്കണമെന്ന് കമീഷൻ ആലപ്പുഴ ഡി.എം.ഒക്ക് ഉത്തരവ് നൽകി. ഇക്കാര്യം ആരോഗ്യ ഡയറക്ടർ ഉറപ്പാക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.