ആലപ്പുഴ: ജില്ല മെഡിക്കൽ ഓഫിസിൽ അറ്റൻറർ ഗ്രേഡ് 2 തസ്തികയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി അഭിമുഖത്തിന് ഹാജരായെങ്കിലും നിയമനം ലഭിക്കാത്ത തെൻറ പേരിൽ മറ്റൊരാൾ ജോലിചെയ്യുന്നുണ്ടെന്ന പെൺകുട്ടിയുടെ പരാതി അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. തിരുവനന്തപുരം പാഡിക്കോണം സ്വദേശിനി എസ്. സുകന്യയുടെ പരാതിയിലാണ് എല്ലാ രേഖകളും സഹിതം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയത്.
കമീഷൻ അംഗം വി.കെ ബീനാകുമാരിയുടേതാണ് ഉത്തരവ്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പരാതിക്കാരിയായ സുകന്യ 2018 ജൂൺ 19 നാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്നുള്ള ലിസ്റ്റ് പ്രകാരം ഇൻറർവ്യൂവിൽ പങ്കെടുത്തത്. രണ്ട് വർഷത്തിനുശേഷം അന്വേഷിച്ചപ്പോൾ താൻ ആലപ്പുഴ ജില്ലമെഡിക്കൽ ഓഫിസിലെ അറ്റൻറർ ഗ്രേഡ് 2 തസ്തികയിൽജോലി ചെയ്യുന്നതായി വിവരം ലഭിച്ചെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ, തപാൽ വഴിയോ ഫോൺ വഴിയോ ആലപ്പുഴ ഡി.എം.ഒയിൽനിന്ന് നിയമന ഉത്തരവ് ലഭിച്ചിരുന്നില്ല. ഇതിൽ തിരിമറിയുണ്ടെന്നും സ്വാഭാവിക നീതിയുടെ നിഷേധം ഉണ്ടായെന്നും പരാതിയിൽ പറയുന്നു. പരാതി വാസ്തവമാണെങ്കിൽ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമീഷൻ നിരീക്ഷിച്ചു. ജൂലൈയിൽ ആലപ്പുഴയിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.