ആലപ്പുഴ: വേനൽച്ചൂട് കനക്കുകയും നാടൻ ഉൽപന്നങ്ങളുടെ വരവ് നിലക്കുകയും ചെയ്തതോടെ വിപണിയിൽ പച്ചക്കറിക്കും വിലകൂടി. ഇഞ്ചി, വെളുത്തുള്ളി, ബീൻസ് എന്നിവയുടെ വില മൂന്നക്കം കടന്നാണ് മുന്നേറുന്നത്. ബീൻസിന് കിലോക്ക് 150ഉം ഇഞ്ചിക്ക് 180ഉം വെളുത്തുള്ളിക്ക് 200 രൂപയുമാണ് വില. രണ്ടുമാസം മുമ്പ് വെളുത്തുള്ളിയുടെ വില 300ന് മുകളിലായിരുന്നു. അതിൽനിന്നാണ് നേരിയ ഇടിവുണ്ടായത്. തക്കാളി -36, വെള്ളരിക്ക -26, വെണ്ടക്ക -46, വഴുതന -46,
ബീറ്റ്റൂട്ട് -62, പയർ -60, പച്ചമുളക് -90, ഉള്ളി -68, സവാള -35, കിഴങ്ങ് -45, കൂർക്ക -88, കറിനാരങ്ങ -100, കാബേജ് -50 എന്നിങ്ങനെയാണ് വില. തക്കാളി, വെള്ളരിക്ക തുടങ്ങിയവക്ക് കാര്യമായ വിലവർധനയില്ല. പയർ, കോവൽ, പാവൽ, അച്ചിങ്ങപ്പയർ, പടവലം തുടങ്ങി പന്തലിൽ പടരുന്ന പച്ചക്കറിയെയാണ് വേനൽ കാര്യമായി ബാധിച്ചത്.
കനത്തചൂടിൽ പാവൽ, പടവലം തുടങ്ങി പന്തൽ കൃഷികളുടെ പരിപാലനം പ്രതിസന്ധിയിലാണ്. കായ് അകുന്നതിന് മുമ്പ് പൂവ് കരിഞ്ഞുണങ്ങി ഉൽപാദനം കുറഞ്ഞു. ഇതോടെ, വിപണിയിൽ നാടൻ പച്ചക്കറികളുടെ വരവ് നിലച്ചു. ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ്, ചെറുചേമ്പ് തുടങ്ങി പരമ്പരാഗത വിഭവങ്ങളും വിപണിയിൽനിന്ന് അപ്രത്യക്ഷമായി.
ഏത്തവാഴ കൃഷിയെ ചൂട് കാര്യമായി ബാധിച്ചു. ഓണവിപണി ലക്ഷ്യമാക്കി ആരംഭിച്ച കൃഷിയും നാശത്തിന്റെ പാതയിലാണ്. നാടൻ മാങ്ങയുടെ ഉൽപാദനവും കുറഞ്ഞിട്ടുണ്ട്. നാട്ടിൽ സുലഭമായി കിട്ടുന്ന മൂവാണ്ടൻ മാമ്പഴംപോലും അതിർത്തികടന്നാണ് എത്തുന്നത്. പച്ചക്കറി പ്രധാനമായും എത്തുന്നത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ്. നാടൻ ഇനങ്ങളേക്കാൾ കുറഞ്ഞ വിലയ്ക്ക് കിട്ടുന്നതിനാൽ ചെറുകിട വ്യാപാരികൾപോലും മറുനാടൻ ഇനങ്ങളിലേക്ക് ചുവടുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.