കായംകുളം: കൂടിച്ചേരലുകൾക്ക് വിലങ്ങുവീണ വർഷങ്ങൾ പിന്നിട്ട് റമദാൻ ആരാധനയുടെ തിരക്കിലും പെരുന്നാൾ ഒരുക്കത്തിന്‍റെ ആവേശത്തിലും വിശ്വാസികൾ. പിന്നിട്ട വർഷങ്ങളിൽ പ്രളയവും പിന്നീട് കോവിഡും കാരണം മുടങ്ങിപ്പോയ ആഘോഷത്തിന്‍റെ വീണ്ടെടുപ്പ് വിപണിയെയും സജീവമായിരിക്കുകയാണ്.
കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാത്ത പെരുന്നാളുകളാണ് കഴിഞ്ഞുപോയത്. ഈദ്ഗാഹുകളും പള്ളികളിലെ നമസ്കാരവും കൂടിച്ചേരലുകളും ഒഴിവായത് വിപണികളെയും ബാധിച്ചിരുന്നു. പുതുവസ്ത്രങ്ങളും ആഘോഷങ്ങളും ഇല്ലാതായത് കച്ചവട മേഖലയിൽ സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയാണ്. ഇക്കുറി വലിയ തിരക്കാണ് വിപണിയിൽ. കണ്ടെയ്ൻമെന്‍റ് സോണുകളായതിനാൽ കഴിഞ്ഞ പെരുന്നാൾ കാലത്ത് അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് മിക്കയിടത്തും തുറന്നത്. ടെക്സ്റ്റൈൽ മേഖലയടക്കം പെരുന്നാൾ പ്രമാണിച്ച് തുറക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ഭാഗികമായിരുന്നു.
ഇത്തവണ നിയന്ത്രണങ്ങളില്ലാതായത് കച്ചവടക്കാരിലും ആവേശമായി. റമദാനിലെ അവസാന വെള്ളിയാഴ്ച എന്ന നിലയിൽ ഇന്ന് പള്ളികളിലും തിരക്ക് വർധിക്കും. ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ച് പള്ളികളിൽ ഭജന പാർക്കുന്നവരും വെള്ളിയാഴ്ച ജുമായോടെ പെരുന്നാൾ ഒരുക്കത്തിലേക്കാവും നീങ്ങുക. പ്രധാന വാണിജ്യകേന്ദ്രങ്ങളൊക്കെ പെരുന്നാൾ തിരക്കിലേക്ക് വഴിമാറിക്കഴിഞ്ഞു. വ്രതദിനങ്ങളുടെ പരിസമാപ്തിയായി കടന്നുവരുന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് വീടുകളെ സജ്ജമാക്കാനുള്ള സാമഗ്രികൾ തേടി സമീപ ഗ്രാമങ്ങളിൽനിന്നുള്ളവരുടെ വരവ് പട്ടണത്തെ ജന നിബിഡമാക്കുകയാണ്. നാട്ടിൻപുറങ്ങളിലെ ചെറുവ്യാപാര ശാലകളിലേക്കുള്ള സാമഗ്രികൾ എത്തിക്കാനുള്ള വാഹനങ്ങളുടെ നീണ്ട നിരയും റോഡുകളെ സജീവമാക്കുന്നു. പുതുവസ്ത്രങ്ങളണിഞ്ഞ് ആഘോഷത്തിന്‍റെ ചന്ദ്രശോഭയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണെല്ലാവരും. നോമ്പിന് പരിസമാപ്തി കുറിച്ചുള്ള പെരുന്നാൾ നമസ്കാരത്തിന് പള്ളികളും ഈദ്ഗാഹുകളും തയാറായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.