ആലപ്പുഴ: ഫാഷിസത്തിന്‍റെ കെട്ടകാലത്ത് ബുൾഡോസറുകൾകൊണ്ട് ജനങ്ങളെ വെല്ലുവിളിക്കുമ്പോൾ അതിനുനേരെ മുഹമ്മദ് നബിയുടെ കാരുണ്യത്തിന്‍റെ ഒഴുക്കുകൊണ്ട് തടയുകയാണ് വേണ്ടതെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ബുൾഡോസറുകൾ ഉരുളുന്ന കാലത്ത് മുഹമ്മദ് നബിയെക്കുറിച്ച് സംസാരിക്കാം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിന്‍റെ കിരാതമായ ചെയ്തികൾകൊണ്ട് ജനങ്ങളെ വെല്ലുവിളിക്കുമ്പോൾ പ്രവാചക പാഠങ്ങൾക്ക് പ്രസക്തിയേറുകയാണ്. എല്ലാ മത വൈവിധ്യങ്ങളെയും തന്‍റെ സ്നേഹത്തിന്‍റെ ശൈലികൊണ്ട് പരിഗണിച്ചയാളാണ് പ്രവാചകൻ. നബിയെ അറിയാതെയും പഠിക്കാതെയും നിന്ദിക്കുന്നത് മ്ലേച്ഛന്മാരാണ്. ഇത് ഹിന്ദുക്കൾക്ക് അപമാനമാണ്. ഹിന്ദുവും മുസൽമാനും ചേർന്ന് തീർത്ത സ്നേഹത്തിന്‍റെ മതിൽ പൊളിക്കാൻ ഫാഷിസ ഇന്ത്യയിൽ സാധിക്കില്ല. ചരിത്രമാണ് അതിന് സാക്ഷി. ആ സുന്ദര ചരിത്രത്തെ ഒരു ബുൾഡോസറിനും തകർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ദൈവിക സന്ദേശങ്ങളെ ജീവിതത്തിൽ ഏറ്റെടുത്ത് സമൂഹത്തിൽ പടരുകയായിരുന്നു മുഹമ്മദ് നബിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ഡോ. ആർ. യൂസഫ് പറഞ്ഞു. ജീവിതത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകളുള്ള മനുഷ്യ അനുയായികളെ തീർക്കുകയായിരുന്നു പ്രവാചകൻ. ചിന്തയുടെയും ഗവേഷണങ്ങളുടെയും പുതിയ വാതായനങ്ങൾ തീർക്കുകയായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി പി.എ. അൻസാരി, വനിത വിഭാഗം ജില്ല പ്രസിഡന്‍റ് കെ.എസ്. നിസാ ബീഗം, സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി എം.എച്ച്. ഷാനവാസ്, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് മുഹമ്മദ് ഹാഫിസ് എന്നിവർ സംസാരിച്ചു. ജില്ല സമിതിയംഗം വൈ. ഇർഷാദ് സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ നന്ദിയും പറഞ്ഞു. എം. ഫസിലുദ്ദീൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.