ആലപ്പുഴ: കെ-റെയിൽ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ സൂചകമായി കലക്ടറേറ്റിൽ അതിക്രമിച്ചുകയറി കല്ലിടാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് പൊലീസിന്‍റെ ലാത്തിയടിയേറ്റു.
സമരക്കാരെ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെയുണ്ടായ ഉന്തിനും തള്ളിനുമിടെ കലക്ടറേറ്റ് മതിൽ ചാടിക്കടന്ന് നീങ്ങിയ അഞ്ചോളം പ്രവര്‍ത്തകരെ നേരിടുകയായിരുന്നു പൊലീസ്. ഇവരെ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ജാമ്യത്തിൽ വിട്ടു. മാർച്ചിൽ പങ്കെടുത്ത മുപ്പതോളം പ്രവർത്തകരെ അറസ്റ്റ്ചെയ്ത് നീക്കി. ജില്ല പ്രസിഡന്റ് ടിജിൻ ജോസഫ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണുണ്ടായിരുന്നത്.
കെ-റെയിൽ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിനെതിരെ കേരളത്തിലുടനീളം നടന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാവിലെ 11ഓടെ കലക്ടറേറ്റില്‍ എത്തിയത്.
എ.ഐ.സി.സി അംഗവും മുൻ എം.എൽ.എയുമായ ജോസഫ് വാഴക്കൻ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് പ്രവർത്തകർ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചത്. അകത്ത് കടന്ന പ്രവർത്തകർ പ്രതീകാത്മകമായി കലക്ടറേറ്റിന്റെ പരിസരത്ത് കല്ല് സ്ഥാപിച്ചു. തുടർന്ന് കലക്ടറേറ്റ് ജങ്ഷനിൽ റോഡ് ഉപരോധിച്ചു. മറ്റൊരു ഗേറ്റിലൂടെ അകത്ത് കടക്കാൻ വീണ്ടും ശ്രമമുണ്ടായെങ്കിലും പൊലീസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.