കായംകുളം: വോട്ട് വേണ്ടാത്ത സ്ഥാനാർഥിയായി ഇടംപിടിച്ച അരിത ബാബു പ്രവർത്തന രംഗത്ത് സജീവം. ജില്ല പഞ്ചായത്ത് പുന്നപ്ര ഡിവിഷനിലെ സ്ഥാനാർഥി പട്ടികയിലാണ് സ്വതന്ത്ര ലേബലിൽ അരിത ഇടംപിടിച്ചത്. 21ാം വയസ്സിൽ കൃഷ്ണപുരം ജില്ല പഞ്ചായത്ത് അംഗമായ അരിത കോൺഗ്രസ് നിർദേശപ്രകാരമാണ് പുന്നപ്രയിൽ പത്രിക സമർപ്പിച്ചത്. സാമുദായിക സന്തുലിതാവസ്ഥയിൽ തട്ടി അവസാന നിമിഷം പുറത്തായി. ഇൗ വിവരം യഥാസമയം അരിതയെ അറിയിക്കുന്നതിൽ പാർട്ടി നേതൃത്വത്തിന് വീഴ്ച സംഭവിച്ചതാണ് ബാലറ്റിൽ ഇടംപിടിക്കാൻ കാരണമായത്.
സംസ്ഥാന സമിതിയിലെ തീരുമാനം ജില്ല കേന്ദ്രത്തിൽ എത്തിയപ്പോഴേക്കും സ്ഥാനാർഥി സമിതിയിലുണ്ടായിരുന്നവരിൽ പലരും കോവിഡ് ബാധിച്ച് ഉൾവലിഞ്ഞിരുന്നു. ഇതോടെ ക്രമീകരണങ്ങളെല്ലാം പാളി. കുക്കു ഉന്മേഷിനെയാണ് അംഗീകരിച്ചതെന്ന് അറിഞ്ഞപ്പോൾ 60 കിലോമീറ്ററോളം അകലെയുള്ള ആലപ്പുഴയിൽ വേഗത്തിലെത്താൻ സഹപ്രവർത്തകരുടെ സഹായം തേടിയെങ്കിലും ലഭ്യമായില്ലെന്ന് അരിത പറയുന്നു. ഇരുചക്രവാഹനത്തിൽ കലക്ടറേറ്റിൽ എത്തിയപ്പോഴേക്കും 10 മിനിറ്റ് വൈകിയിരുന്നു. അലമാര ചിഹ്നം അനുവദിച്ചെങ്കിലും ആരും വോട്ട് ചെയ്യരുതെന്നാണ് അരിതയുടെ അഭ്യർഥന.
ദേവികുളങ്ങര ഗോവിന്ദമുട്ടം അജേഷ് നിവാസിൽ തുളസീധരെൻറയും ആനന്ദവല്ലിയുടെയും മകളായ അരിത സിറ്റിങ് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ രംഗത്ത് സജീവമാണ്. നേതൃത്വം ആവശ്യപ്പെട്ടാൽ തനിക്ക് വോട്ട് വേണ്ടെന്ന് പറയാൻ പുന്നപ്രയിലെത്താനും തയാറാണെന്നാണ് യുവ നേതാവ് പറയുന്നത്. കഴിഞ്ഞതവണ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്ന നിലയിലും ജില്ല പഞ്ചായത്ത് അംഗമെന്ന നിലയിലും അരിത ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.