കായംകുളം: വിലപിടിപ്പുള്ള രേഖകൾ തേടി അർധരാത്രിയിൽ ഭരണിക്കാവ് സബ് രജിസ്ട്രാർ ഒാഫിസ് കുത്തിത്തുറന്ന് കയറി തിരച്ചിൽ. കെ.പി റോഡരികിൽ കറ്റാനം വില്ലേജ് ഒാഫിസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഒാഫിസിലാണ് അതിക്രമം. വെള്ളിയാഴ്ച രാവിലെ 9.30ന് ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൂന്ന് മുറിയിലായി രണ്ട് അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന ആധാര പകർപ്പുകളും രേഖകളും പുറത്തേക്ക് വാരിവലിച്ചിട്ട നിലയിലാണ് കാണപ്പെട്ടത്.
അതേസമയം, മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 3820 രൂപ അതേപടി ഇരിപ്പുണ്ടായിരുന്നു. മുൻവശത്തെ ഇരുമ്പുവാതിലിലെ രണ്ട് താഴ് തകർത്താണ് അകത്ത് പ്രവേശിച്ചത്. മുറികളുടെ വാതിലുകൾ തകർത്ത് കയറിയാണ് അലമാരകളും മേശയും കുത്തിത്തുറന്ന് രേഖകൾ പുറത്തേക്ക് വാരിവലിച്ചിട്ടത്. കമ്പ്യൂട്ടറുകൾ അടക്കമുള്ള ഒരു ഉപകരണത്തിനും കേടുപാട് വരുത്തിയിട്ടില്ല. രേഖകളുടെ തിരച്ചിൽ നടന്നതായി വ്യക്തമാക്കുന്ന തരത്തിലാണ് ആധാരങ്ങൾ കൂട്ടിയിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. രേഖകളിൽ തിരുത്തൽ വരുത്തി തിരികെ െവച്ചിട്ടുണ്ടാകുമെന്നും സംശയിക്കുന്നു.
കുറത്തികാട് പൊലീസ് സ്ഥലെത്തത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പിന് എത്തിയിരുന്നു. മണം പിടിച്ച പൊലീസ് നായ് സമീപത്തെ വില്ലേജ് ഒാഫിസിന് ചുറ്റവട്ടവും 100 മീറ്റർ അകലെയുള്ള വൈദ്യുതി ഒാഫിസ് പരിസരം വരെയും ഒാടിയിരുന്നു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യം പരിശോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.