കായംകുളം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 74 ാം റാങ്കോടെ കായംകുളം സ്വദേശി ജോഷ്ന അന്ന സാം ജില്ലയിൽ ഒന്നാമതായി. ചേരാവള്ളി വലിയവീട്ടിൽ ജോഷ് വില്ലയിൽ സാം തോമസിന്റെയും ശോശാമ്മയുടെയും മകളാണ്. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 67ാം റാങ്കോടെ മികവ് പുലർത്തിയ ജോഷ്നക്ക് ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷയിലും ഉയർന്ന റാങ്ക് ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ റിസർച്ചിന്റെ പ്രവേശനഫലം കാത്തിരിക്കുകയാണ്. ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണത്തിലാണ് താൽപര്യം. ഇതിനാൽ ഐസറിലെ ഫലം വന്നതിനുശേഷമെ ഏത് കോഴ്സിൽ ചേരണമെന്ന തീരുമാനം എടുക്കുകയുള്ളൂവെന്ന് ജോഷ്ന പറഞ്ഞു. കെ.ജി മുതൽ 12 ാം ക്ലാസ് വരെ ഷാർജ ഇന്ത്യൻ സ്കൂളിലായിരുന്നു പഠിച്ചത്. 98.4 ശതമാനം മാർക്കോടെയാണ് പ്ലസ്ടു ജയിച്ചത്.
ഒരുവർഷം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് പാലാ ബ്രില്യന്റിലെ പരിശീലനത്തിനുശേഷമാണ് പ്രവേശന പരീക്ഷകൾ എഴുതിയത്. പിതാവ് സാം തോമസ് ഷാർജയിൽ മൊബൈൽ ഷോപ് നടത്തുകയാണ്. സഹോദരൻ ജോഷ്വിൻ കായംകുളം സെന്റ് മേരീസ് ബഥനിയിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.