ആലപ്പുഴ: ജില്ലയിൽ 1239 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1231 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. അഞ്ചുപേർ അന്തർസംസ്ഥാനത്തുനിന്ന് എത്തിയതാണ്. മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 127 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 84,795 പേർ രോഗമുക്തരായി.
8891 പേർ ചികിത്സയിലുണ്ട്. ജില്ലയില്‍ ഹോം ഐസൊലേഷനിൽ കഴിയുന്ന 5820 കോവിഡ് ബാധിതർ ഉണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എൽ. അനിതാകുമാരി അറിയിച്ചു.
വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാവാതെ കഴിയാന്‍ സൗകര്യമുള്ള മുറിയും ഉപയോഗിക്കാന്‍ ശൗചാലയവും ഉള്ളവര്‍ക്ക് സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശങ്ങള്‍ അനുസരിച്ച് രോഗമുക്തി നേടാനാവും.
എന്നാല്‍, ഹോം ഐസോലേഷനില്‍ കഴിയുന്നവര്‍ ജാഗ്രതയോടെ നിർദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. വീട്ടിലെ അംഗങ്ങള്‍ കോവിഡ് വാക്സിനേഷന് നടത്തിയവരാണെങ്കിലും രോഗിയുമായി സമ്പര്‍ക്കത്തിലാകാതെ ജാഗ്രത കാട്ടണം. രോഗി കൃത്യസമയത്ത് ആഹാരം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. മുറിയില്‍ വായുസഞ്ചാരം ഉറപ്പാക്കണം. നല്‍കിയിട്ടുള്ള മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിർദേശമനുസരിച്ച് കൃത്യമായി കഴിക്കുക.
നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കിലുംനിന്നുള്ള സ്രവത്തിലും രക്തം, അതിയായ ക്ഷീണം, കിതപ്പ്, ശ്വാസതടസ്സം എന്നിവയുണ്ടായാല് ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചശേഷം ആശുപത്രിയിലേക്ക് മാറാന്‍ തയാറാകണം. സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552050 നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.