കുട്ടനാട്: മഴയുണ്ട്, ചുറ്റും വെള്ളമുണ്ട്. പക്ഷേ, കുട്ടനാട്ടിൽ കുടിവെള്ളം കിട്ടാക്കനിതന്നെ. തലവടി, എടത്വ പഞ്ചായത്തുകളിലാണ് ഇപ്പോൾ കുടിവെള്ള ദുരിതം കൂടുതൽ രൂക്ഷം. വെള്ളക്കെട്ട് വ്യാപകമായതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ മഴവെള്ള സംഭരണവും കഴിയാത്ത സ്ഥിതിയാണ്. 17 കർഷകർക്കായി മുമ്പ് തലവടി വെള്ളകിണറിൽ സ്ഥാപിച്ച സംഭരണിയുടെ പൂർത്തീകരണം വാട്ടർ അതോറിറ്റി പാതിവഴിയിൽ ഉപേക്ഷിച്ചതാണ് തിരിച്ചടിയായത്. നീരേറ്റുപുറം മുതൽ തലവടി വരെ 1500 മീറ്റർ പൈപ്പ് ലൈൻ ഇട്ടാൽ ആവശ്യത്തിന് വെള്ളം സംഭരിക്കാൻ കഴിയും. 2006ൽ പണികഴിപ്പിച്ച ജലസംഭരണിക്കായി പൈപ്പും പണവും കണ്ടെത്താൻ വാട്ടർ അതോറിറ്റി ചെറുവിരൽപോലും അനക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. രണ്ട് പൈപ്പ് ലൈൻ വേണ്ടിടത്ത് ഇപ്പോൾ ഒറ്റ പൈപ്പ് ലൈനാണുള്ളത്. ഇക്കാരണത്താൽ പകൽ തലവടിയിലും രാത്രി എടത്വയിലും കുടിവെള്ളം ഷിഫ്റ്റായാണ് കിട്ടുക. 1500 മീറ്ററിൽ രണ്ട് പൈപ്പ് ലൈൻ ഇട്ടാൽ 24 മണിക്കൂറും ഈ രണ്ട് പഞ്ചായത്തിലും കുടിവെള്ളം ലഭ്യമാകും. ഇതിനായി നാട്ടുകാരും ജനപ്രതിനിധികളും പരാതികളും നിവേദനങ്ങളും നിരവധി നൽകിയെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല. കുടിവെള്ളം ഫലപ്രദമായി കിട്ടാത്തതിനാൽ പലരും പണം കൂടുതൽ നൽകി വെള്ളം വാങ്ങുകയാണ്. സാമ്പത്തിക പ്രയാസമുള്ള കുടുംബങ്ങൾ കിലോമീറ്ററുകളോളം സഞ്ചരിച്ച് വെള്ളം ശേഖരിക്കുന്നു.
കിയോസ്കുകളും നോക്കുകുത്തികളായതോടെ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ സമാന്തര ജലവിതരണവും മുടങ്ങി. 13 ഗ്രാമപഞ്ചായത്തുകളിലെ ഒട്ടുമിക്ക പ്രദേശത്തും ശുദ്ധജലക്ഷാമം രൂക്ഷമാണ്. ഏറെ സമരങ്ങൾക്കും നിവേദനങ്ങൾക്കും ഒടുവിൽ കേന്ദ്രീകൃത ജലവിതരണം ലക്ഷ്യമിട്ട് ആരംഭിച്ച കിയോസ്കുകളാണ് ലക്ഷ്യം കാണാത്തത്.
2000 ലിറ്റർ സംഭരണശേഷിയുള്ള കിയോസ്കുകളാണ് ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നത്. ടാങ്കറുകളിൽ ജലമെത്തിച്ച് കിയോസ്കുകളിൽ നിറച്ചുവെച്ചാൽ പ്രാദേശികമായി ജനങ്ങൾ കിയോസ്കുകളിൽനിന്ന് ആവശ്യത്തിനനുസരിച്ച് എടുത്തുകൊണ്ടുപോകാറായിരുന്നു പതിവ്. റവന്യൂ വകുപ്പിനായിരുന്ന പദ്ധതിയുടെ ചുമതല ഇതും മുടങ്ങി.
ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജലവിതരണം അടിയന്തമായി നടത്തിയില്ലെങ്കിൽ സ്ഥിതിഗതി രൂക്ഷമാകും. നിലവിലെ പഴക്കമുള്ള പൈപ്പ് ലൈനുകളാണ് കുട്ടനാട്ടിൽ ജലവിതരണത്തിന് തടസ്സമുണ്ടാക്കുന്നത്. ശുദ്ധജല പ്രതിസന്ധി പരിഹരിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും വിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ എങ്ങുമെത്തിയില്ല.
തലവടിയിലുൾപ്പെടെ മൂന്നോളം പ്രദേശങ്ങളിൽ സ്ഥാപിച്ച ഉപരിതല ജലസംഭരണിയും വെള്ളം കണ്ടിട്ടില്ല. വർഷത്തിൽ എല്ലാമാസവും വെള്ളം വറ്റാത്ത പ്രദേശങ്ങൾ കുട്ടനാട്ടിലുണ്ടെന്നിരിക്കെയും കുട്ടനാട് കുടിവെള്ളത്തിന് അങ്ങേയറ്റം ക്ലേശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.