കുട്ടനാട്: മുൻപെങ്ങുമുണ്ടാകാത്ത യാത്ര ദുരിതമാണ് ഇപ്പോൾ കുട്ടനാട്ടിൽ. വിദ്യാലയങ്ങൾകൂടി തുറക്കുന്നതോടെ യാത്രാദുരിതം അതിരൂക്ഷമാകും. പ്രളയാനന്തരം കുട്ടനാട്ടിലെ സ്കൂൾ കെട്ടിടങ്ങളൊക്കെ കുറ്റമറ്റതാക്കിയെങ്കിലും വിദ്യാർഥികൾക്കിപ്പോൾ ക്യത്യസമയത്ത് സ്കൂളിലെത്താൻ കഴിയുമോയെന്ന ആശങ്കയുണ്ട്. ആവശ്യത്തിന് ബോട്ട് സർവിസ് ഇല്ലാത്തതും സർവിസ് നടത്തുന്ന ബോട്ടുകൾ കൃത്യസമയം പാലിക്കാത്തതുമാണ് പ്രശ്നം. ഇതിനൊപ്പം എ.സി റോഡ് നവീകരണവും യാത്ര കൂടുതൽ ദുർഘടമാക്കുന്നു. കോട്ടയം മുതൽ കുട്ടനാട് വഴി ആലപ്പുഴയിലേക്ക് എത്തുന്നവരും തിരികെ ആലപ്പുഴയിലേക്ക് പോകുന്നവരുമാകും വെട്ടിലാവുക.
രാവിലെ സ്കൂൾ, ഓഫിസ് സമയത്ത് യാത്ര ചെയ്യുന്നവർ സർവിസ് നടത്തുന്ന ബോട്ടുകൾ 15 മുതൽ അര മണിക്കൂർവരെ വൈകി ഓടുന്നുവെന്ന പരാതിയുണ്ട്. കായൽ മേഖലയിലെ വിദ്യാർഥികൾ സമയക്രമം പാലിച്ച് ബോട്ട് സർവിസ് നടത്തണമെന്ന ആവശ്യത്തിനും നടപടിയില്ല.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിർമാണം നടക്കുന്നതിനാൽ ഇത്തവണത്തെ യാത്ര ദുരിതം പ്രതീക്ഷിക്കുന്നതിലും അപ്പുറമാകുമെന്നാണ് വിലയിരുത്തൽ. റോഡുമാർഗം പോയിരുന്ന വിദ്യാർഥികൾ കൂടി ഇത്തവണ ബോട്ട് സർവിസിനെ ആശ്രയിക്കും. കുട്ടനാട്ടിലെ എല്ലാ സ്കൂളുകളെയും എ.സി റോഡ് ഗതാഗതയോഗ്യമല്ലാത്തത് വളരെയേറെ ബാധിക്കും.
രാവിലെയുള്ള യാത്രയേക്കാൾ ദുരിതമാണ് വൈകിട്ട്. നാലിന് സ്കൂൾ വിട്ടാൽ കുട്ടനാട്ടിലേക്കും കോട്ടയത്തേക്കും പോകുന്നവർ ആശ്രയിക്കുന്ന 5.15 ന് ആലപ്പുഴയിൽ നിന്ന വിടേണ്ടേ ബോട്ട് ആറിനുശേഷമാണ് വിടുന്നതെന്ന പരാതിയുമുണ്ട്.
സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗുണം ചെയ്യുന്ന ബോട്ട് സർവിസ് സമയകൃത്യത പാലിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇതിനിടെ കാവാലത്ത് കൂടി സർവിസ് നടത്തുന്ന ബോട്ട് കോവിഡ് സമയത്ത് വെട്ടിക്കുറച്ചിട്ട് പുനസ്ഥാപിച്ചിട്ടില്ല. കൈനകരി, കാവാലം, വെളിയനാട്, നെടുമുടി തുടങ്ങി കുട്ടനാട്ടിലെ വടക്കൻ മേഖലകളിലാകും വിദ്യാർഥികൾക്ക് യാത്രാക്ലേശം രൂക്ഷമാവുക. വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ല കലക്ടർക്ക് പരാതി നൽകുമെന്നും ബോട്ട് പാസഞ്ചേഴ്സ് പ്രതിനിധികൾ പറഞ്ഞു. ആധുനിക സൗകര്യമുള്ള ബോട്ടുകൾ സർവിസിന് ഇറക്കുമ്പോൾ മാത്രമാണ് ജീവനക്കാർ ബോട്ട് തുടച്ച് കഴുകി വ്യത്തിയാക്കുന്നതെന്നും വിദ്യാർഥികൾ കയറുന്ന സർവിസ് ബോട്ടുകൾ വ്യത്തിയാക്കാറില്ലെന്നും പരാതിയുണ്ട്. ഇതിനാൽ ബോട്ടിൽ കയറുമ്പോൾ തന്നെ വിദ്യാർഥികളുടെ യൂനിഫോം അഴുക്കാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.