ആലപ്പുഴ: വോട്ടെണ്ണലിൽ ലീഡ് മാറിമറിഞ്ഞ സംവരണ മണ്ഡലമായ ‘മാവേലിക്കര’യിൽ അവസാനംവരെ ആകാംക്ഷ നിലനിർത്തിയ പോരാട്ടം. യു.ഡി.എഫ് തരംഗത്തിലും ഇടതുകേന്ദ്രങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിച്ച മണ്ഡലത്തിൽ സിറ്റിങ് എം.പിയും കോൺഗ്രസിലെ മുതിർന്ന നേതാവുമായ കൊടിക്കുന്നിൽ സുരേഷ് കരകയറിയതിന്റെ ആവേശത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. അനുകൂല സാഹചര്യമുണ്ടായിട്ടും ജയിച്ചുകയറാനാവാത്ത നിരാശയിലാണ് ഇടതു ക്യാമ്പ്. എൻ.ഡി.എ വോട്ടുകൾ കൃത്യമായി പെട്ടിയിൽ വീണതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. 2019ൽ 14 ശതമാനമായിരുന്ന വോട്ടിലാണ് വർധന. ഇക്കുറി അത് 16.03 ശതമാനമായി ഉയർത്താനായി.
പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾതന്നെ യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് പിന്നിലായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. സി.എ. അരുൺകുമാറിന്റെ മുന്നേറ്റം രാവിലെ 8.46ന് ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ തന്നെ ദൃശ്യമായിരുന്നു. 82 വോട്ടിന് മുന്നിലായിരുന്നത് ഇ.വി.എം എണ്ണിത്തുടങ്ങിയപ്പോഴും ഫലം അരുണിന് അനുകൂലമായിരുന്നു. 9.11ന് അത് 695 ആയി വർധിച്ചു. അപ്പോൾ 20,000 വോട്ടിന് മുകളിൽ എണ്ണിയിരുന്നു. ഇതിന് പിന്നാലെ കൊടിക്കുന്നിൽ 191 വോട്ടുമായി ആദ്യലീഡ് ഉയർത്തി. തൊട്ടുപിന്നാലെ ഇടതു സ്ഥാനാർഥിയുടെ ലീഡ് 788 വോട്ടായി വർധിപ്പിച്ചു. ഇത് ഇടതുകേന്ദ്രങ്ങൾക്ക് ആഹ്ലാദം പകർന്നു. 9.45ന് അരുൺകുമാർ ലീഡ് 1743 ആയി ഉയർത്തിയപ്പോൾ കാര്യങ്ങൾ പിന്നെയും മാറിമറിഞ്ഞു. 10ന് 222 വോട്ടിന്റെ ലീഡ് കൊടിക്കുന്നിൽ ഉയർത്തി. പിന്നീടത് 1713 ആയി. ഭൂരിപക്ഷത്തിൽ വലിയ മാറ്റമുണ്ടായത് ഉച്ചയോടെയാണ് 7069. പിന്നീടത് 8448 ആയി കൊടിക്കുന്നിൽ ഉയർത്തിയതോടെയാണ് എൽ.ഡി.എഫ് പ്രതീക്ഷക്ക് മങ്ങലേറ്റത്.
കൊടിക്കുന്നിൽ 10,000 വോട്ടിന്റെ ഭൂരിപക്ഷം കടന്നപ്പോൾ മാവേലിക്കര, ചങ്ങനാശ്ശേരി, കൊട്ടാരക്കര നിയോജകമണ്ഡലങ്ങളുടെ വോട്ടെണ്ണൽ പൂർത്തിയായിരുന്നു. പിന്നീട് ചെങ്ങന്നൂർ, കുട്ടനാട്, കുന്നത്തൂർ, പത്തനാപുരം മണ്ഡങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ് നില ഭദ്രമാക്കിയത്. ലീഡിന് നേരിയ കുറവും കൂടുതലുമായി നിന്ന ഈ റൗണ്ടുകൾ പൂർത്തിയായതോടെയാണ് വിജയം ഉറപ്പിച്ചത്. അതുവരെ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു സ്ഥാനാർഥികളും മുന്നണികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.