ആലപ്പുഴ: പുതുവത്സരാഘോഷത്തിൽ ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടിയും സ്വീകരിച്ചതായി ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. അഡീഷനൽ എസ്.പി എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ആറ് ഡിവൈ.എസ്.പിമാർ ഉൾപ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് പുതുവത്സര ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട 148 കേന്ദ്രങ്ങളിൽ പൊലീസിനെ വിന്യസിക്കും.
സാമൂഹിക വിരുദ്ധരെ ഈ ആഘോഷങ്ങള്‍ക്ക് ഇടയില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ അനുവദിക്കില്ല. ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്ന ടൂറിസ്റ്റുകളെ പ്രദേശവാസികളായ യുവാക്കളും മറ്റും സംഘം ചേര്‍ന്ന് ശല്യം ചെയ്യുന്നതിൽ ശക്തമായ നടപടി സ്വീകരിക്കും. ആഘോഷത്തിന്റെ മറവില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.
സി.സി ടി.വി കാമറകള്‍ സ്ഥാപിപ്പിച്ച് മിക്ക പരിപാടികളും റെക്കോഡ് ചെയ്യും. ഹൗസ് ബോട്ട് ഉൾപ്പെടെ യന്ത്രവത്കൃത ബോട്ടുകളുടെ മുകളില്‍ കയറി നിന്ന് മതിയായ സുരക്ഷാമാനദണ്ഡമില്ലാതെ ആഘോഷങ്ങളില്‍ ഏര്‍പ്പെടരുത്.
മോഷണം, പിടിച്ചുപറി, സ്ത്രീസുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളില്‍ മുന്‍കാലങ്ങളില്‍ ഉള്‍പ്പെട്ടവരെ പരിശോധിക്കാനും ഇപ്പോഴത്തെ അവരുടെ പ്രവൃത്തി വിശദമായി പരിശോധിച്ച് അറസ്റ്റ് ഉള്‍പ്പെടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും.
രാത്രി പള്ളിയിലും മറ്റ് ആഘോഷ സ്ഥലങ്ങളിലും പങ്കെടുക്കാൻ പോകുന്ന ആളുകളുടെ വീടുകളില്‍ ഈ സമയത്ത് മോഷണവും മറ്റും ഉണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ പട്രോളിങ് ഉൾപ്പെടെ മുന്‍കരുതല്‍ സ്വീകരിക്കും. ഷാഡോ പൊലീസ്, പിങ്ക് പൊലീസ്, പൊലീസ് രഹസ്യാന്വേഷണ വിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തും. മദ്യപാനം ലഹരിവസ്തുക്കളുടെ ഉപയോഗം മുതലായവ ഈ അവസരങ്ങളിൽ കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഓരോ പൊലീസ് സ്റ്റേഷനിലും അനുബന്ധ പട്രോളിങ് ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കും. പുതുവത്സരത്തോടനുബന്ധിച്ച് വാഹനാപകടങ്ങൾ കുറക്കുന്നതിന് പരിശോധന കർശനമാക്കും.
ഡിസംബർ 31ന് വൈകീട്ട് മൂന്നു മുതൽ ജനുവരി ഒന്നിന് പുലർച്ച ആറുവരെയാണ് പരിശോധന. പ്രത്യേക സ്ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. നിയമലംഘനം കണ്ടാൽ ഡ്രൈവിങ് ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെ കർശന നടപടിയുണ്ടാകും. ബീച്ചുകൾ കായൽ ടൂറിസം മേഖലകൾ തുടങ്ങി ആളുകൾ ഒത്തുചേരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിക്കും. എല്ലാ സ്റ്റേഷൻ പരിധിയിലും ക്രമസമാധാന പ്രശ്നങ്ങൾ തടയുന്നതിന് ബൈക്ക് പട്രോളിങ്ങും ജീപ്പ് പട്രോളിങ്ങും നടത്തും.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നിർദേശങ്ങൾ കണക്കിലെടുത്ത് ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കാൻ രാത്രി 11.55 മുതൽ 12.30വരെ മാത്രമായിരിക്കും അനുമതി. മദ്യവും മറ്റ് ലഹരിവസ്തുക്കളുടെയും വ്യാപനം തടയുന്നതിന് ആവശ്യമായ പ്രത്യേക റെയ്ഡുകളും മറ്റും ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും നടത്തി വരുന്നുണ്ടെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.