കായംകുളം: അമിത പലിശക്ക് പണം നൽകുന്ന ബ്ലേഡ് പലിശ മാഫിയ സംഘങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി ബ്ലാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും എയർഗണ്ണും കണ്ടെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതം.കായംകുളം, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഒരേ സമയം ഏഴിടത്ത് നടത്തിയ പരിശോധനയിൽ നാല് കേസ് രജിസ്റ്റർ ചെയ്തു. മുഖ്യപ്രതിയുടെ എരുവയിലെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇയാളുമായി ബന്ധപ്പെട്ട രേഖകൾ മറ്റിടങ്ങളിൽനിന്ന് പൊലീസ് കണ്ടെടുത്തായി അറിയുന്നു.
പത്തിയൂർ എരുവ പാലാഞ്ഞിയിൽ അനൂപിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നാണ് ലൈസൻസോ, ബില്ലോ ഇല്ലാത്ത എയർഗൺ പിടിച്ചെടുത്തത്. കൂടാതെ 12 ബ്ലാങ്ക് ചെക്കും എട്ട് മുദ്രപ്പത്രവും മൂന്ന് പാസ്പോർട്ടും ഒരു ആർ.സി ബുക്കും കണ്ടെടുത്തിട്ടുണ്ട്.കായംകുളം വളയക്കകത്ത് തറയിൽ അൻഷാദിന്റെ (30) വീട്ടിൽനിന്ന് ബ്ലാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും പിടിച്ചെടുത്തു. എരുവ പട്ടത്തുംമുറിയിൽ സനീസിന്റെ (30) വീട്ടിൽ നടന്ന റെയ്ഡിൽ ചെക്കുകളും മുദ്രപ്പത്രങ്ങളും കൂടാതെ ആയിരത്തിന്റെ 94 നിരോധിച്ച നോട്ടുകളും 500 ന്റെ രണ്ട് നിരോധിച്ച നോട്ടുകളും ഒരു ആർ.സി ബുക്കും ലഭിച്ചു.
എരുവ ഇല്ലത്ത് വീട്ടിൽ അപ്പുവിന്റെ (മുഹമ്മദ് സാലിഹ്) വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ എരുവ താഴ്ചയിൽ ഷബീറിന്റെ (റിയാസ്) വീട്ടിൽനിന്ന് 10 ബ്ലാങ്ക് ചെക്കും എട്ട് മുദ്രപ്പത്രവും ഒമ്പത് ആർ.സി ബുക്കും ഒരു പാസ് ബുക്കും പിടിച്ചെടുത്തു. അൻഷാദ്, അനൂപ്, സനീസ് എന്നിവർക്കെതിരെ കായംകുളം സ്റ്റേഷനിലും റിയാസിനെതിരെ കരീലക്കുളങ്ങര സ്റ്റേഷനിലും കേസുകൾ രജിസ്റ്റർ ചെയ്തു.ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓച്ചിറ, ക്ലാപ്പന ഭാഗങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിൽ ഓച്ചിറ സ്റ്റേഷനിലേക്ക് റിപ്പോർട്ട് അയച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
നഗരത്തിൽ മീറ്റർ പലിശ സംഘങ്ങൾ വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് പൊലീസ് റെയ്ഡുമായി രംഗത്തിറങ്ങിയത്. പലിശ സംഘങ്ങളുടെ കെണിയിൽ അകപ്പെട്ട് നിരവധിപേരാണ് വഴിയാധാരമായത്. രാഷ്ട്രീയ നേതാക്കളുടെ പിൻബലത്തിലാണ് സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. ഇവരെ നിയന്ത്രിക്കുന്ന ഗുണ്ടാ തലവനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. കേസ് എടുത്തവരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾക്കും പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്. ഇവർക്കെതിരെ കാപ്പ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി ജി. അജയ്നാഥിന്റെ മേൽനോട്ടത്തിൽ കായംകുളം സി.ഐ വൈ. മുഹമ്മദ് ഷാഫി, കരീലക്കുളങ്ങര സി.ഐ ഏലിയാസ് ജോർജ്, കനകക്കുന്ന് സി.ഐ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.