ആലപ്പുഴ: പിറന്നാൾ ആഘോഷത്തിനിടെ ആരോഗ്യവകുപ്പ് ജീവനക്കാരന്റെ മാലമോഷണ വിവാദത്തിൽ ഉൾപ്പെ ട്ട സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ നഗരസഭ താൽക്കാലിക ജീവനക്കാരനെതിരെ നിയമനടപടി ആവശ്യപ്പെട്ട് കൗൺസിൽയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. വെള്ളിയാഴ്ച വൈകീട്ട് ചേർന്ന കൗൺസിൽ യോഗത്തിൽ അജണ്ടക്ക് മുമ്പേ നഗരസഭക്ക് നാണക്കേടുണ്ടാക്കിയ വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചു.
പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജുവാണ് വിഷയം ആദ്യമുന്നയിച്ചത്. പിന്നാലെ ‘മാല കളളനെ നഗരസഭ പുറത്താക്കുക’ എന്ന പ്ലക്കാർഡ് ബി.ജെ.പി അംഗങ്ങളായ മനു ഉപേന്ദ്രനും സുമയും ഉയർത്തി. മനു ഉപേന്ദ്രൻ നടുക്കളത്തിൽ കുത്തിയിരുന്നു. പിൻവാതിൽ നിയമനം അടക്കം കാര്യങ്ങളിൽ നഗരസഭ ഭരണസമിതിക്കെതിരെ സി.പി.ഐ അംഗങ്ങളും രംഗത്തെത്തി.
സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ കോൺഗ്രസ് അംഗങ്ങൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തി. മാലമോഷണത്തിൽ പ്രതിയെ സംരക്ഷിക്കുന്ന നഗരസഭ ചെയർപേഴ്സൺ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭക്ക് മുന്നിൽ പ്രതിഷേധം തീർത്തു. അകത്തും പുറത്തും പ്രതിഷേധം കനത്തതോടെ സൗത്ത് പൊലീസും സ്ഥലത്തെത്തി. മാല കളഞ്ഞുപോയെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥൻ പരാതി നൽകിയതെന്നും അതിനുശേഷം കിട്ടിയെന്ന് പറഞ്ഞതിനാൽ തുടർനടപടിയുണ്ടായില്ല.
രേഖാമൂലം പരാതി നൽകിയാൽ അന്വേഷണമുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ജൂലൈ 25ന് ആലപ്പുഴ ജവഹർ ബാലഭവനിലായിരുന്നു സംഭവം. നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുടെ മകന്റെ പിറന്നാൾ ആഘോഷത്തിനിടെയാണ് ആരോഗ്യവകുപ്പ് ജീവനക്കാരന്റെ മൂന്നുപവന്റെ മാല നഷ്ടമായത്. പിന്നീട് നഗരത്തിലെ സ്വകാര്യസ്ഥാപനത്തിൽ മാല പണയപ്പെടുത്താൻ മോഷ്ടാവ് എത്തിയതോടെയാണ് ഇവിടെ ജോലിചെയ്യുന്ന മറ്റൊരു ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ഭാര്യ ഇത് തിരിച്ചറിഞ്ഞ് പൊക്കിയത്. മാല തിരിച്ചേൽപിച്ചു. പാർട്ടിക്കാരും നഗരസഭാധികൃതരും ഇടപെട്ട് പ്രശ്നം ഒതുക്കിതീർക്കുകയായിരുന്നു.
നഗരസഭയിൽ മുന്നണി സംവിധാനത്തിൽ നിരക്കാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് സി.പി.ഐ വിമർശനം. മാലമോഷണ വിഷയത്തിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കകരിച്ച് പുറത്തിറങ്ങിയപ്പോഴാണ് സി.പി.ഐ പാർലമെന്ററി പാർട്ടി ലീഡർ ഡി.പി മധു വിമർശനമുന്നയിച്ചത്.
പാർക്ക് നവീകരണവുമായി ബന്ധപ്പെട്ട നിയമനത്തിൽ വ്യവസ്ഥകൾ പാലിച്ചിട്ടില്ല. കേന്ദ്രപദ്ധതിയാണെങ്കിലും ആളുകളെ നിയമിക്കുന്നത് നഗരസഭയാണ്. ഏതെങ്കിലും സർക്കുലറിന്റെ പേരിൽ ആ നിയമനം ആർക്കെങ്കിലും തീറെഴുതി കൊടുക്കാൻ സി.പി.ഐ അംഗീകരിക്കില്ല. മാനദണ്ഡം പാലിക്കാതെ നടത്തിയ കുടുംബശ്രീ നിയമനം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ പിന്തുണച്ച് സി.പി.ഐ അംഗങ്ങളായ ബി. നസീറും കെ.എസ്. ജയനും രംഗത്തെത്തി.
മാലമോഷണ കേസിൽ ആരോപണവിധേയനായ ജീവനക്കാരനെ റോഡുപണിയിലേക്ക് മാറ്റിയെന്ന് നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ. ജീവനക്കാരനെ മാറ്റിനിർത്തണമെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. നിലവിൽ ഡ്രൈവറായിട്ട് ജോലി ചെയ്യുന്ന ഇയാളെ കണ്ടിജൻസി ജീവനക്കാരുടെ റോഡുപണിയിലേക്ക് മാറ്റിയിട്ടുണ്ട്. രേഖാമൂലം ആരും പരാതി നൽകിയിട്ടില്ല. നിങ്ങൾ അറിഞ്ഞതുപോലെയാണ് ഞാനും കാര്യങ്ങൾ അറിഞ്ഞത്. ഇതുവരെ ആരുടെയും പരാതിയും കത്തും കിട്ടിയിട്ടില്ല. നഗരസഭക്ക് ഒരാളെയും സംരക്ഷിക്കുന്ന നിലപാടില്ല. വിഷയത്തിൽ കർശന നടപടിയുണ്ടാകുമെന്നും അവർപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.