എരമല്ലൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ തോട്ടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡിലെ പൊറോട്ട കമ്പനിയുടെ സമീപത്ത് താമസിച്ചിരുന്ന പൊറോട്ട വിതരണക്കാരൻ ജയകൃഷ്ണന്റെ (26) കൊലപാതക വാർത്ത അറിഞ്ഞാണ് എരമല്ലൂർ ഗ്രാമം ശനിയാഴ്ച ഉണർന്നത്. കമ്പനിയുടെ സമീപത്തു തന്നെയാണ് മാസങ്ങളായി ജയകൃഷ്ണൻ താമസിക്കുന്നത്. കമ്പനിയിൽനിന്ന് പൊറോട്ടയെടുത്ത് പാക്ക് ചെയ്തു വിവിധ സ്ഥാപനങ്ങളിൽ വിൽപന നടത്തുന്ന ജയകൃഷ്ണന് ഒട്ടേറെ പരിചയക്കാരും എരമല്ലൂരിൽ ഉണ്ടായിരുന്നു.
മുറി തുറന്നുകിടക്കുന്നതും അടിപിടിയുടെ ലക്ഷണങ്ങളും കണ്ടതോടെ പൊറോട്ട കമ്പനിയിലെ ജോലിക്കാർ മുറിയിൽ നോക്കിയപ്പോഴാണ് ജയകൃഷ്ണൻ പരിക്കുകളോടെ കിടക്കുന്നത് കണ്ടത്. വിളിച്ചിട്ടും എഴുന്നേൽക്കാതായപ്പോൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മരണം ഉറപ്പാക്കിയതോടെ വാർത്ത നാട്ടിൽ പടർന്നു. വിവിധ പ്രദേശങ്ങളിൽനിന്ന് ശനിയാഴ്ച രാവിലെ ആറ് മുതൽ ആളുകൾ എരമല്ലൂരിലേക്ക് ഒഴുകുകയായിരുന്നു. എരമല്ലൂർ പ്രദേശത്ത് കൊലപാതകമോ, സമാനമായ മറ്റ് സംഭവങ്ങളോ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ഇതുപോലെ ആൾക്കൂട്ടം ഉണ്ടായത് വർഷങ്ങൾക്കു മുമ്പ് കാക്കത്തുരുത്തിയിലേക്ക് ആന കായൽ നീന്തിക്കയറിയപ്പോഴാണ്. ആന കയറാത്ത തുരുത്തിൽ മദമിളകിയ ആന കായൽ നീന്തിക്കയറുകയായിരുന്നു. തോട്ടപ്പള്ളി റോഡിലൂടെയാണ് ആന അന്ന് ഓടിയത്. തുരുത്തിലെ ചതുപ്പിൽപെട്ടുപോയ ആനയെ കരയിൽ കയറ്റാനും സമീപത്ത് കുറച്ചുദിവസം പരിപാലിക്കാനും തുടർന്ന് എരമല്ലൂരിലെ കരയിലേക്ക് ജങ്കാർ വരുത്തി ആനയെ കൊണ്ടുപോയതും നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി.
സമാനമായ ആൾക്കൂട്ടം ശനിയാഴ്ച രാവിലെ മുതൽ കേസ് അന്വേഷണത്തിന്റെ വിവരങ്ങൾ അറിയാൻ എരമല്ലൂരിലേക്ക് എത്തിക്കൊണ്ടിരുന്നു. ഡോഗ് സ്കോഡ് വന്നപ്പോഴും വിരലടയാള വിദഗ്ധർ എത്തിയപ്പോഴും നാട്ടുകാർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. പൊറോട്ട കൊണ്ടുനടന്നു കൊടുക്കുന്ന ജയകൃഷ്ണൻ കാപ്പ കേസിൽ പ്രതിയാണെന്ന് നാട്ടുകാർ അറിഞ്ഞിരുന്നില്ല. കോട്ടയത്തുനിന്ന് നാടുകടത്തിയ ജയകൃഷ്ണൻ നാട്ടുകാർക്കിടയിൽ സൗമ്യനും നല്ല സ്വഭാവക്കാരനുമായാണ് ഭാവിച്ചിരുന്നത്.
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ജയകൃഷ്ണൻ പ്രതിയാണെന്ന അറിവും നാട്ടുകാർക്ക് ആശ്ചര്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.