ആലപ്പുഴ: മുഖം നിറയുന്ന കറുത്ത മറുകിനെ വൈരൂപ്യമായി കാണാതെ തെൻറ വേറിട്ട വ്യക്തിത്വമെന്ന് തിരിച്ചറിഞ്ഞ ആലപ്പുഴ സ്വദേശി പ്രഭുലാൽ പ്രസന്നൻ മലയാള ചലച്ചിത്രത്തിലെ നായകനാകുന്നു.
റംഷീന സിക്കന്ദർ, സാക്കിർ അലി, ശ്യാം എന്നിവർ ചേർന്ന് നിർമിച്ച് സിക്കന്ദർ ദുൽഖർനൈൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമായ 'ഇരവിപുരം' സിനിമയിലെ കേന്ദ്രകഥാപാത്രമായ സഖാവ് മനുപ്രസാദിനെയാണ് പ്രഭുലാൽ അവതരിപ്പിക്കുന്നത്.
ഗാനരചനയും സംഗീതവും റൂബിനാഥ്, ജയനീഷ് ഒമാനൂർ, നിഷാദ് ഷാ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. 'അലി', 'ആയിശ വെഡ്സ് ഷമീർ' സിനിമകൾക്കുശേഷം കോഴിക്കോട് സ്വദേശിയായ സിക്കന്ദർ ദുൽഖർനൈൻ ചെയ്യുന്ന സിനിമക്ക് 'ഇരവിപുരം' എന്ന പേര് വ്യാഴാഴ്ചയാണ് നിശ്ചയിച്ചത്.ചെറിയ പെരുന്നാൾ ദിനത്തിൽ േഫസ്ബുക്കിലൂടെയാണ് സിക്കന്ദറും പ്രഭുലാലും സിനിമയെക്കുറിച്ച വിവരങ്ങൾ ആദ്യം വെളിപ്പെടുത്തിയത്. പുതുമ നിറഞ്ഞ പ്രമേയമാണ് ചിത്രത്തിേൻറത്. ശാരീരികവൈഷമ്യങ്ങളാൽ വീട്ടകങ്ങളിൽ തളച്ചിടപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ വ്യാപൃതനായ പ്രഭുലാൽ നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്. നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ മെമ്മോറിയൽ കോളജിൽനിന്ന് േകാേമഴ്സിൽ ബിരുദം നേടിയശേഷം വിദൂരവിദ്യാഭ്യാസം വഴി മാസ്റ്റർ ബിരുദത്തിന് പഠിക്കുന്ന ഈ യുവാവ് ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് ഡിപ്ലോമയും സമ്പാദിച്ചിട്ടുണ്ട്. അർബുദത്തെ മറികടന്ന് നിരവധി പേർക്ക് ആത്മവിശ്വാസം പകർന്ന് കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവയുടെ അടുത്ത സുഹൃത്തുകൂടിയാണ് പ്രഭുലാൽ. തന്നിൽ പ്രതീക്ഷ അർപ്പിച്ച് നായകവേഷം തന്ന സംവിധായകൻ സിക്കന്ദറിനോടുള്ള ബഹുമാനവും സ്നേഹവും വാക്കുകൾക്ക് അതീതമാണെന്ന് പ്രഭുലാൽ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.