ആലപ്പുഴ: കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ കൂറ്റൻ ഫ്ലെക്സുകൾ ഇരുഭാഗത്തും സ്ഥാപിച്ചിരിക്കുന്ന കൊമ്മാടി മൈതാനത്തിലേക്ക് രാഹുൽ ഗാന്ധിയുടെ വാഹനം വന്നുനിന്നത് യു.ഡി.എഫ് പ്രവർത്തകരുടെ അത്യാവേശത്തിലേക്കായിരുന്നു. തിക്കിത്തിരക്കി മുന്നോട്ടുവന്ന പ്രവർത്തകർ പൊതിഞ്ഞ വാഹനത്തിൽനിന്ന് രാഹുൽഗാന്ധിയെ പുറത്തിറക്കാൻ സുരക്ഷ ഉദ്യോഗസ്ഥർ പാടുപെട്ടു.
വേദിയിലെത്തിയയുടൻ കൈകൾ ഉയർത്തി വീശി രാഹുലിെൻറ അഭിവാദ്യം. സാക്ഷിയായി മൂവർണക്കൊടികൾ, അലയടിക്കുന്ന രാഹുൽ വിളികൾ... സ്വാഗതം ചെയ്ത ഡി.സി.സി അധ്യക്ഷെൻറ ചുമതലയുള്ള എ.എ. ഷുക്കൂർ ആദ്യം സംസാരിക്കാൻ ക്ഷണിച്ചത് ആലപ്പുഴ സ്ഥാനാർഥി ഡോ. കെ.എസ്. മനോജിനെയും അമ്പലപ്പുഴ സ്ഥാനാർഥി എം. ലിജുവിനെയും.
വൈകീട്ട് നാല് മുതൽ മൈതാനത്ത് തിങ്ങിക്കൂടിയ ജനാവലിയുടെ അക്ഷമമായ കാത്തിരിപ്പ് ഏകദേശം 10 മിനിറ്റ് വീണ്ടും നീണ്ടു. അവസാനം രാഹുൽ മൈക്കിനടുത്തേക്ക് ജയ്വിളികൾ മൈതാനത്തെ ഇളക്കിമറിച്ചു. അണികളുടെ ആവേശക്കുത്തൊഴുക്കിനിടയിലും വളരെ ശാന്തമായി രാഹുലിെൻറ പ്രസംഗം ഒഴുകി. കൊല്ലത്ത് മത്സ്യത്തൊഴിലാളികളോടൊപ്പം കടലിൽ ഇറങ്ങിയ അനുഭവം അദ്ദേഹം രസകരമായി പങ്കുവെച്ചു.
'മത്സ്യത്തൊഴിലാളികൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറിയുള്ള ഭക്ഷണം കഴിക്കുന്ന ഞാൻ ഒരുതവണ വല വലിച്ചപ്പോൾതന്നെ ക്ഷീണിച്ചുപോയി. ഞങ്ങൾ 20 പേർ ചേർന്ന് വലവലിച്ചപ്പോൾ ഒരു 1000 മീൻ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ കിട്ടിയത് ഒറ്റ ഒരെണ്ണം. അപ്പോഴും അവർ ചിരിക്കുകയായിരുന്നു. ഞാനും ചിരിക്കാൻ പാടുപെട്ടു' രാഹുൽ പറഞ്ഞു. അധ്വാനത്തിെൻറ വില അറിയാത്തതിനാലാണ് സർക്കാറുകൾ മത്സ്യത്തൊഴിലാളികളോടും കർഷകരോടും കൂടി ആലോചിക്കാതെ വിദേശ കുത്തകകളുമായി ഡീൽ ഉറപ്പിക്കുന്നതെന്ന് കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളെ വിമർശിച്ച് രാഹുൽ പറഞ്ഞു നിർത്തി. ഡി.സി.സി നേതാക്കൾ രാഹുലിന് ഉപഹാരം സമർപ്പിച്ചു.
പ്രതിപക്ഷ നേതാവിെൻറയടക്കം മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തി രാഹുൽഗാന്ധി നടത്തിയ റോഡ് ഷോ ആലപ്പുഴയിലെ പ്രചാരണ പ്രവർത്തനങ്ങളെ ആവേശത്തിലാക്കിയിട്ടുണ്ട്. അരൂരിൽനിന്നാരംഭിച്ച പ്രയാണം അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, ഹരിപ്പാട് മണ്ഡലങ്ങൾ ചുറ്റിയാണ് സമാപിച്ചത്. പ്രമുഖ നേതാക്കളടക്കം പങ്കെടുത്ത പരിപാടിയോടെ യു.ഡി.എഫ് പ്രവർത്തകർ ആത്മവിശ്വാസത്തിലുമായി.
തുറവൂർ: കയർ തൊഴിലാളികളുമായി സംവദിക്കുന്നതിന് രാഹുൽ ഗാന്ധി പട്ടണക്കാട് ടി.കെ സ്മാരക മാറ്റ്സ് ആൻറ് മാറ്റിങ്സ് സംഘത്തിൽ. സുരക്ഷ വിഭാഗത്തിെൻറ പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന കാരണത്താൽ ഒഴിവായിപ്പോയ ഇങ്ങോട്ടുള്ള വരവ് വൈകിയായിരുന്നു. ജീവനക്കാരി തങ്കമ്മയുടെ നേതൃത്വത്തിൽ രാഹുലിനെ സ്വീകരിച്ചു.
ഗംഭീര വരവേൽപാണ് തൊഴിലാളികൾ നൽകിയത്. കയർ മേഖലയിലെ പ്രശ്നങ്ങൾ അവർ രാഹുലിനോട് പങ്കുവച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എം.പി, മുല്ലപ്പള്ളി രാമചന്ദ്രൻ, അഡ്വ. ടി.എച്ച്. സലാം, എം.കെ. ജയപാൽ, പി.എം. രാജേന്ദ്രബാബു, എം.എ. നെൽസൺ, പി.കെ. നസീർ, എം.ആർ. ബിനുമോൻ, എസ്. സഹീർ, ആർ.ഡി. രാധാകൃഷ്ണൻ, സാനു മാപ്പാട്ട്, സജീർ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
ആലപ്പുഴ: രാഹുൽ തിങ്കളാഴ്ച റോഡ്ഷോ നടത്തിയത് പതിറ്റാണ്ടുകൾ മുമ്പ് മുത്തശ്ശി ഇന്ദിരഗാന്ധി യാത്ര ചെയ്ത വഴിയിലൂടെ. ചരിത്രത്തിെൻറ ആവർത്തനമായി ആലപ്പുഴയിലൂടെ പേരക്കുട്ടി രാഹുലിെൻറ റോഡ് യാത്ര.
അരനൂറ്റാണ്ട് മുമ്പാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി കൊച്ചിയിൽനിന്ന് ചേർത്തല വഴി തിരുവനന്തപുരത്തേക്ക് കാറിൽ സഞ്ചരിക്കാൻ തീരുമാനിച്ചത്. എ.ഐ.സി.സി പ്രസിഡൻറ് കാമരാജിനെ സ്വാധീനിച്ച് എസ്.എൽ പുരത്ത് ഇന്ദിരഗാന്ധിയെ ഇറക്കിയത് സ്വാതന്ത്ര്യ സമരസേനാനി മുഹമ്മ ചിലമ്പിശ്ശേരി സി.കെ. കുഞ്ഞുകൃഷ്ണെൻറ ഓർമ. തെൻറ തറവാട് സ്വത്തിൽ ഒരു ഭാഗം പത്തോളം കുടികിടപ്പുകാർക്ക് വീതിച്ചു നൽകി ഇന്ദിരഗാന്ധിയുടെ വരവിനോടനുബന്ധിച്ച് അദ്ദേഹം.
രേഖകൾ ഇന്ദിരഗാന്ധിയെക്കൊണ്ട് കൊടുപ്പിച്ച് വൈക്കം സത്യഗ്രഹസമര സേനാനി കൂടിയായ ഇദ്ദേഹം. വളരെക്കാലത്തിനുശേഷമാണ് കുടികിടപ്പവകാശം നിയമമായതെന്നിരിക്കെ കുഞ്ഞുകൃഷ്ണെൻറ ഇടപെടൽ നാട്ടിൽ ചർച്ചയായിരുന്നു. സമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ് തച്ചടി പ്രഭാകരനാണ് അധ്യക്ഷത വഹിച്ചത്.
ചെറുമകൻ കൊച്ചിയിൽനിന്ന് റോഡുമാർഗം അരൂർ, വയലാർ, ചേർത്തല, കൊമ്മാടി വഴി ആലപ്പുഴയിലും കായംകുളത്തും എത്തിയപ്പോൾ ഇന്ദിര ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തേക്കാണ് പോയതെന്നുമാത്രം.
അരൂർ: കൊച്ചിയിലെ പരിപാടി കഴിഞ്ഞ് ആലപ്പുഴ ജില്ലയുടെ അതിർത്തി കടന്നതും ചായ കുടിക്കാമെന്നായി രാഹുൽ ഗാന്ധി. കോൺഗ്രസ് നേതാവായ ധനഞ്ജയെൻറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അരൂർ ബേക്കറിയിൽ ഏർപ്പാടാക്കിയ ചായകുടിയിൽ അരൂരിലെ സ്ഥാനാർഥി ഷാനിമോൾ ഉസ്മാനായി ആതിഥേയ. കടയിലെത്തിയതും കേരളീയ മധുരം പോരട്ടേ എന്ന് രാഹുൽ. എടുത്തു നൽകിയത് സ്ഥാനാർഥി. വെജിറ്റബിൾ കട്ട്ലറ്റ്, സമൂസ, ലഡു, പപ്പടവട അടക്കം ബേക്കറിക്കാരൻ നിരത്തി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ എന്നിവരാണ് ചായ കുടിക്കാനുണ്ടായിരുന്നത്. പലരും മധുരം താൽപര്യപ്പെടാതിരുന്നപ്പോൾ പ്രമേഹമുണ്ടോ എന്നായി രാഹുലിെൻറ ചോദ്യം. ഇല്ലാത്തത് ഷുക്കൂറിന് മാത്രം. ഇതുവരെ ഇല്ലാതിരുന്ന പ്രമേഹം കോവിഡ് വന്നശേഷം പിടികൂടിയത് ഷാനിമോൾ വിവരിച്ചു. ടെൻഷനും ഉറക്കക്കുറവും പ്രമേഹം കൊണ്ടുവരുമെന്ന് ചെന്നിത്തല. മധുരത്തെ കുറ്റംപറയേണ്ട രോഗമല്ല ഇതെന്ന് പറഞ്ഞ രാഹുൽ, കൂടുതലും പാരമ്പര്യമാണെന്നും കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വെജിറ്റേറിയനാണോ എന്ന് അതിനിടെ രാഹുലിെൻറ ചോദ്യം. ഇപ്പോൾ അല്ലെന്ന് ചെന്നിത്തല. 20 മിനിറ്റ് ബേക്കറിയിൽ ചെലവിട്ടാണ് രാഹുൽ റോഡ് ഷോക്ക് ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.