കലവൂർ: സർക്കാർ മരുന്ന് നിർമാണ ശാലയായ കലവൂർ കെ.എസ്.ഡി.പി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാരുടെ ശമ്പളംപോലും മുടങ്ങുന്ന സ്ഥിതിയിലാണ്. പത്ത് വർഷത്തോളം മുമ്പത്തെ സ്ഥിതിയിലേക്കാണ് സ്ഥാപനത്തിന്റെ പോക്കെന്നാണ് ജീവനക്കാർ പറയുന്നത്.
ഗുരുതരാവസ്ഥ മനസ്സിലാക്കി സി.ഐ.ടി.യുവും പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. കേരള മെഡിക്കൽ സർവിസസ് കോർപറേഷനെ മറയാക്കിയാണ് സംഘടന സമരത്തിനൊരുങ്ങുന്നത്. കെ.എസ്.ഡി.പിക്ക് ഓർഡറുകൾ നൽകാതെയും കുടിശ്ശിക തീർക്കാതെയും പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് യൂനിയൻ നേതാക്കൾ പറയുന്നു. നിലവിൽ 35 കോടിയോളം രൂപ മെഡിക്കൽ സർവിസസ് കോർപറേഷൻ നൽകാനുണ്ട്. ആവശ്യമായ ഓർഡറുകൾ ലഭിക്കാത്തതാണ് പ്രധാന പ്രശ്നം.
84 ഇനം മരുന്നുകൾ ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ, കേവലം 16 ഇനങ്ങൾക്ക് മാത്രമാണ് കോർപറേഷൻ ഓർഡർ നൽകുന്നത്. സ്വകാര്യ കമ്പനികളുടെ മരുന്നുകൾക്കാണ് കോർപറേഷൻ ഓർഡറുകൾ നൽകുന്നത്.
സർക്കാർ സ്ഥാപനത്തിന് പ്രത്യേക ഇളവുകൾ ഉണ്ടെങ്കിലും ക്വട്ടേഷൻ നിരക്കും മറ്റും പറഞ്ഞ് കെ.എസ്.ഡി.പിയെ തഴയുകയാണ്. ഇവിടെ ഇല്ലാത്ത മരുന്നുകൾക്ക് മാത്രമാണ് കോർപറേഷൻ സ്വകാര്യ മേഖലക്ക് ഓർഡർ നൽകിയിരുന്നത്. കോർപറേഷനിലെ ചില ഉദ്യോഗസ്ഥർ സ്വകാര്യ മരുന്ന് ലോബിയെ സഹായിക്കുകയാണെന്ന് കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു പറഞ്ഞു. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.