ആലപ്പുഴ: റെയിൽവേ അവഗണനയിൽ പ്രതിഷേധിച്ച് വായ്മൂടിക്കെട്ടിയും പ്ലക്കാർഡ് ഉയർത്തിയും ട്രെയിനിനകത്ത് സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ പ്രതിഷേധം. സമരത്തിൽ പങ്കാളിയായി എം.പിയും.
ദുരിതം നേരിട്ടറിയാനും രേഖാമൂലം പരാതി നൽകാനും എ.എം.ആരിഫ് എം.പിയാണ് യാത്രക്കാർക്കൊപ്പം സഞ്ചരിച്ച് പ്രതിഷേധത്തിന്റെ ഭാഗമായത്. ട്രെയിൻ യാത്രക്കാരുടെ ദുരിതംവിവരിച്ച് ‘വണ്ടികളില്ല, ഇരട്ടിപ്പിക്കലുമില്ല, പേര് തീരദേശ റെയിൽപാത’ എന്ന തലക്കെട്ടിൽ തിങ്കളാഴ്ച മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ട്രെയിനുകളുടെ കുറവും പിടിച്ചിടലും മൂലം കടുത്തമാനസിക സമ്മർദ്ദം അനുഭവിക്കുന്ന സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയായ ‘ഫ്രൻഡ്സ് ഓൺ റെയിൽസ്’ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 7.20ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട ആലപ്പുഴ-എറണാകുളം മെമു ട്രെയിനിലായിരുന്നു വേറിട്ടപ്രതിഷേധം.
‘‘ദുരിതമീ യാത്ര...06451 എറണാകുളം-കായംകുളം എക്സ്പ്രസ് പഴയസമയത്തിൽ പുനഃസ്ഥാപിക്കുക’’എന്ന പ്ലക്കാർഡ് ഉയർത്തിയും കറുത്തതുണിയിൽ വായ് മൂടിക്കെട്ടിയും സ്ത്രീകളടക്കം യാത്രക്കാർ പങ്കാളികളായി. വന്ദേഭാരത് ട്രെയിൻ വന്നശേഷം വിവിധ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിൻ നിർത്തിയിടുന്നത് പതിവാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു. യാത്രക്കാരൻ എന്ന നിലയിൽ എറണാകുളം സൗത്ത് മാനേജർക്ക് രേഖാമൂലം പരാതി നൽകിയാണ് എം.പി മടങ്ങിയത്.
ജോലിക്കാരടക്കം ആശ്രയിക്കുന്ന എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിനിലെ യാത്രാദുരിതമാണ് സ്ത്രീകളടക്കമുള്ളവരെ സമരത്തിലേക്ക് തള്ളിവിട്ടത്. എറണാകുളം സൗത്ത് സ്റ്റേഷനിൽനിന്ന് വൈകീട്ട് ആറിന് പുറപ്പെട്ടിരുന്ന പാസഞ്ചർട്രെയിനിന്റെ സമയമാറ്റമാണ് ഇതിൽപ്രധാനം.
ആലപ്പുഴ വഴി രണ്ടാം വന്ദേഭാരതിന്റെ വരവിന് പിന്നാലെ ഈ ട്രെയിനിന്റെ സമയം 6.25 ആക്കി. വന്ദേഭാരത് അടക്കം മറ്റ്ട്രെയിനുകൾക്ക് കടന്നുപോകാൻ കുമ്പളം, തുറവൂർ സ്റ്റേഷനുകളിൽ അരമണിക്കൂറിലേറെ സമയമാണ് പിടിച്ചിടുന്നത്. ഇതിനാൽ ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്ക് വീട്ടിലെത്താൻ കഴിയാത്തസാഹചര്യമുണ്ട്.
പലപ്പോഴും രാത്രി എട്ടിനുശേഷം എത്തുന്നതിനാൽ സ്വകാര്യബസുകളും കിട്ടാതകും. തീരദേശപാതയിൽ രാവിലെയും വൈകീട്ടും ട്രെയിനിലെ വൻതിരക്ക് നിയന്ത്രിക്കാൻ റെയിൽവേ നടപടിയെടുത്തിട്ടില്ല. ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്കുള്ള മെമുവിന്റെ യാത്ര തിങ്ങിനിറഞ്ഞാണ്. ഓഫിസ് സമയം പാലിക്കുന്ന ട്രെയിനുകൾപോലും പിടിച്ചിടുന്നുണ്ട്. പലപ്പോഴും നിൽക്കാൻപോലും പറ്റാത്ത സ്ഥിതിയുണ്ട്.
റെയിൽവേയുടെ അധാർമികവും ധിക്കാരപരവുമായ തീരുമാനങ്ങളിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയതെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ് പറഞ്ഞു.
ബിന്ദു വയലാർ, ശിവപ്രസാദ്, സുരേഷ്, ഗിരീഷ്, ബിജു, ബിബിൻ മോഹൻ, രഞ്ജിനി, രമ്യ, ശാലിനി, റെജി, രതീഷ്, രജിലാൽ എന്നിവർ നേതൃത്വം നൽകി.
ആലപ്പുഴ: യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ എറണാകുളം-കായംകുളം പാസഞ്ചറിന്റെ സമയക്രമം പുനഃക്രമീകരിക്കണമെന്ന് എ. എം. ആരിഫ് എം.പി. ട്രെയിൻ യാത്രക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേഭാരത് വന്നതിന് പിന്നാലെ വൈകീട്ട് പാസഞ്ചർ ട്രെയിൻ പിടിച്ചിടുന്നത് വലിയപ്രയാസമാണ്.
കുമ്പളത്ത് അരമണിക്കൂറാണ് പിടിച്ചിടുന്നത്. ഇത് ഒഴിവാക്കി തുറവൂരിൽ ക്രോസ് ചെയ്യുന്നത് പരിഗണിക്കണമെന്ന് കാണിച്ച് റെയിൽവേക്ക് കത്ത് നൽകിയിരുന്നു. പരിശോധിക്കാമെന്ന് പറയുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങൾക്കൊപ്പം ചേർന്ന് സമരത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.