ആലപ്പുഴ: ഇക്കണോമിക്സ് അധ്യാപികയായ റമീസയും മുട്ടകളും തമ്മിലുള്ള ബന്ധം അത്ര നിസ്സാരമല്ല. വിദ്യാർഥികൾക്ക് പരീക്ഷ പേപ്പറിൽ 'മുട്ട' കൊടുക്കുന്ന സാധാരണ അധ്യാപികയല്ല റമീസ. നാടൻ കോഴിയുടെയും താറാവിെൻറയും യഥാർത്ഥ മുട്ടകളുമായാണ് ടീച്ചറിന് അടുപ്പം. ലോക് ഡൗണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ മുട്ടക്കച്ചവടം നടത്തി ഉപജീവനം നടത്തുകയാണ് ഈ അധ്യാപിക.
നഗരത്തിലെ പാരലൽ കോളജിൽ പ്ലസ് ടു വിഭാഗത്തിലെ അധ്യാപികയായിരുന്നു റമീസ. ഈ അധ്യയന വർഷത്തിൽ വളരെ കുറച്ചു കുട്ടികൾ മാത്രമേ അഡ്മിഷൻ എടുത്തിട്ടുള്ളൂ. അതിനാൽ കോവിഡിന് ശേഷം വിളിക്കാമെന്ന് പറഞ്ഞു കോളജ് അധികൃതർ തൽക്കാലത്തേക്ക് പറഞ്ഞുവിട്ടതോടെയാണ് മുട്ടക്കച്ചവടം എന്ന ആശയം മനസ്സിൽ ഉദിച്ചത്.
സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ ഭർത്താവ് ഷാനുവിന് ശ്വാസകോശ സംബന്ധമായ രോഗം മൂലം ജോലിക്ക് പോകാൻ കഴിയാതായതോടെ ടീച്ചർ മുട്ടക്കച്ചവടത്തിന് ഇറങ്ങുകയായിരുന്നു. 'മുട്ടയാകുമ്പോൾ 3-4 ദിവസം വിറ്റുപോയിെല്ലങ്കിലും കേടൊന്നും വരില്ലല്ലോ?' മുട്ടക്കച്ചവടം തെരഞ്ഞെടുക്കാനുള്ള കാരണം റമീസ ടീച്ചർ തന്നെ വിശദീകരിച്ചു.
നൂറു മുട്ടയിലാണ് കച്ചവടം തുടങ്ങിയതെങ്കിലും ഇപ്പോൾ 500 മുട്ടയോളം ഒരു ദിവസം പോകുന്നുണ്ട്. വൈക്കത്ത് നിന്നും രാവിലെ മുട്ടയുമായി വണ്ടിയെത്തും. അത് വാങ്ങി 10 മണിയോടെ ചെറിയ കവറുകളിലാക്കി സ്കൂട്ടറിൽ കച്ചവടത്തിന് ഇറങ്ങും. ഹോട്ടലുകളിലും പലചരക്കു കടകളിലുംനിന്ന് നല്ല ഓർഡർ ഉണ്ട്.
ഭർത്താവ് ഷാനു ഉച്ചക്ക് ശേഷം മുട്ടയുമായി ഇറങ്ങും. എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നതെന്ന് പലരും ചോദിക്കുമെങ്കിലും എസ്.ഡി കോളജിൽനിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഈ മുപ്പതുകാരി അതൊന്നും കാര്യമാക്കുന്നില്ല.
സർക്കാർ ജോലി നേടിയെടുക്കുകയെന്നതാണ് റമീസയുടെ സ്വപ്നം. സുഹൈനയും, സിയാനുമാണ് മക്കൾ. വട്ടായാൽ വാർഡ് ആരയൻ പറമ്പിൽ വാടക വീട്ടിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.