അരൂർ: ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ-തുറവൂർ ദേശീയപാതയിൽ അരൂർ ഗവ. ആശുപത്രിക്ക് മുമ്പിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞു. ബുധനാഴ്ച പുലർച്ച അഞ്ചര മണിയോടെ വിറകുമായി അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ആർ.ബി കമ്പനിയിലേക്ക് റാന്നിയിൽ നിന്ന് വരുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. വടക്കോട്ടുള്ള ഗതാഗതം ഇതോടെ നിലച്ചു.
നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മാറ്റിയ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഡ്രൈവർ അടക്കം മൂന്നുപേർ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. മഴപെയ്ത് കുഴികളിൽ വെള്ളം കെട്ടിക്കിടന്നതിനാൽ കുഴിയുടെ ആഴം അറിഞ്ഞില്ലെന്ന് ഡ്രൈവർ പറഞ്ഞു.
ലോറി മറിഞ്ഞതിനെ തുടർന്ന് അരൂർ ക്ഷേത്രം കവല മുതൽ അരൂക്കുറ്റി, വടുതല വരെയും ദേശീയപാതയിൽ എരമല്ലൂർ വരെയും വാഹനങ്ങൾ ഗതാഗതക്കുരുക്കിലായി. അരൂർ പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. മറ്റൊരു വാഹനത്തിൽ തടികൾ കയറ്റിയശേഷമാണ് ഉച്ചയോടെ അപകടത്തിൽപ്പെട്ട ലോറി നീക്കിയത്. വ്യാഴാഴ്ച ഉച്ചവരെ ഇടറോഡുകൾ പോലും ഗതാഗത സ്തംഭനത്തിലായിരുന്നു. മറിഞ്ഞു കിടക്കുന്ന ലോറിയുടെ മുന്നിലുള്ള കുഴിയിൽ നിരവധി ഇരുചക്രവാഹനങ്ങൾ വീണ് അപകടങ്ങൾ ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.