വള്ളികുന്നം: വള്ളികുന്നത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പന്നി ശല്യം രൂക്ഷമായി. ഒരുവിധ കൃഷികളും നടത്താനാകാതെ കർഷകർ കടുത്ത വിഷമസന്ധിയിലായിട്ടും പന്നികളെ അമർച്ച ചെയ്യാൻ നടപടികളില്ല. അതിനിടെ കൃഷിയിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ച് കർഷകൻ രംഗത്തെത്തി. പന്നികൾ കൂട്ടമായി വന്ന് കൃഷി നശിപ്പിച്ചതോടെ കടുവുങ്കൽ അമ്പിയിൽ ഉദയനെന്ന കർഷകനാണ് കൃഷിയിൽ നിന്ന് പിന്മാറുന്നതായി തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഉദയന്റെ രണ്ടേക്കർ ഭൂമിയിൽ കൃഷി ചെയ്തിരുന്ന ചേന, ചേമ്പ്, മരച്ചീനി, കാച്ചിൽ, കുരുമുളക്, തെങ്ങിൻ തൈകൾ, ഇഞ്ചി തുടങ്ങിയ കൃഷികൾ വ്യാപകമായി പന്നികൾ നശിപ്പിച്ചത്. ഓണവിപണി ലക്ഷ്യം വെച്ച് നട്ട വിളകളാണ് നശിപ്പിക്കപ്പെട്ടത്. ഒരു മാസത്തിനുള്ളിൽ വിളവെടുക്കാൻ പാകമായ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. വള്ളികുന്നം വി. എഫ്.സി.കെ വിപണിയിൽ ഏറ്റവും കൂടുതൽ കാർഷിക ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്ന ആളാണ് ഉദയൻ. മാവേലിക്കര സബ്ജയിൽ സൂപ്രണ്ടായി വിരമിച്ച അദ്ദേഹം മുഴുസമയ കൃഷിയിൽ വ്യാപൃതനായിരുന്നു. 78 വയസ്സ് ഉണ്ടെങ്കിലും പ്രായാധിക്യം വകവെക്കാതെ കൃഷിയോടുള്ള താൽപ്പര്യം കാരണമാണ് കാർഷിക രംഗത്ത് സജീവമായത്. കൃഷി നശിച്ചത് കണ്ട ഉദയൻ കൃഷി ഉദ്യോഗസ്ഥരെ വിളിച്ച് വിവരം പറഞ്ഞപ്പോൾ അവർ നിസ്സഹായരാണ് എന്ന മറുപടിയാണ് നൽകിയത്. ആരും സഹായിക്കാൻ ഇല്ലാത്തതുകൊണ്ട് ഇനി കൃഷി ഇറക്കില്ലെന്ന് വളരെ ദുഃഖത്തോടെ അദ്ദേഹം പറയുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി വനംവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ഭാഗത്തുനിന്ന് ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മേഖലയിൽ പന്നികളുടെ ശല്യം നിമിത്തം അക്ഷരാർത്ഥത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് കർഷകർ. ഓരോ വർഷവും വ്യാപക നഷ്ടമാണ് കാട്ടുപന്നി ശല്യം മൂലം കർഷകർക്ക് ഉണ്ടാകുന്നത്. കൂലിക്ക് ആളെ നിർത്തിയും കടംവാങ്ങിയും പാട്ടത്തിനെടുത്തുമാണ് പലരും കൃഷിയിറക്കുന്നത്.
പാലമേൽ അടക്കമുള്ള പ്രദേശങ്ങളിൽ പന്നിശല്യം കാരണം പലരും കൃഷികളിൽ നിന്നും പിന്മാറേണ്ട സ്ഥിതിയായി. പന്നിയെ വെടിവെക്കാൻ പഞ്ചായത്ത് ഷൂട്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഷൂട്ടറെ വിളിക്കുമ്പോൾ പന്നിയെ കാണിച്ച് തന്നാൽ വെടിവെക്കാം എന്നാണ് പറയുന്നത്. വള്ളികുന്നത്ത് പന്നി ശല്യത്താൽ ലക്ഷകണക്കിന് രൂപയുടെ കാർഷിക ഉൽപ്പന്നങ്ങളാണ് ഒരോ ദിവസവും നശിക്കുന്നത്. ചിങ്ങം ഒന്നിന് കർഷകദിനത്തിൽ കാർഷികഗ്രാമമായ വള്ളികുന്നത്തെ കർഷകർക്ക് പ്രദർശിപ്പിക്കാൻ കഴിയുന്നത് പന്നികൾ ചവച്ചു തുപ്പിയ കാർഷിക ഉൽപ്പന്നങ്ങൾ മാത്രമാണെന്നും കർഷകർ പറയുന്നു.
പന്നികളെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുമുണ്ട്. രാത്രി കാലങ്ങളിൽ റോഡിലും കാട്ടുപന്നികൾ തമ്പടിക്കുകയാണ്. പുലർച്ചെ യാത്രക്കിറങ്ങിയവരെ പന്നികൾ കൂട്ടം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. നൂറനാട്ട് തൊഴിലുറപ്പ് ജോലി ചെയ്തിരുന്നവർക്ക് ഇടയിലേക്ക് പന്നികൾ കൂട്ടത്തോടെ എത്തി നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കപ്പയും വാഴയും ചേനയും ചേമ്പും തെങ്ങിന് തൈകളും നിരന്തരം നശിപ്പിക്കാൻ തുടങ്ങിയതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർ നേരിടുന്നത്. വയലിനോട് ചേർന്ന കരയിലും സമീപ ഭാഗത്തുള്ള കാടുപിടിച്ച സ്ഥലങ്ങളിലുമാണ് കാട്ടുപന്നികള്‍ തമ്പടിച്ചിരിക്കുന്നത്. പകൽ സമയങ്ങളിൽ ഇതിനുള്ളിൽ കഴിയുന്ന ഇവ രാത്രി കൃഷി സ്ഥലങ്ങളിലിറങ്ങി നാശം ഉണ്ടാക്കുന്നു. ഭയം മൂലം കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.