ആലപ്പുഴ: ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുന്നമട പാലം നിർമാണം തുടങ്ങുന്നു. ആഗസ്റ്റ് അവസാന വാരത്തോടെ നിർമാണം തുടങ്ങാനാണ് നീക്കം. നെഹ്റുട്രോഫി വാർഡിനെ ആലപ്പുഴ നഗരവുമായി ബന്ധിപ്പിക്കുന്നതാണ് പാലം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമിക്കുന്നത്. ടൂറിസം മേഖലക്ക് ഉണർവ് പകരും വിധം ബ്രൗസ്ട്രിങ് ആർച്ചോടുകൂടിയാണ് പാലം നിർമിക്കുന്നത്. 384 മീറ്റർ നീളത്തിലുള്ള പാലത്തിൽ 72 മീറ്റർ സ്പാനിലാണ് ബ്രൗസ്ട്രിങ് ആർച്ച്. കായലിലൂടെയുള്ള യാത്രാ-ടൂറിസം ബോട്ടുകളുടെ നീക്കങ്ങളെ തടസ്സപ്പെടുത്താതിരിക്കാൻ കായലിൽ തൂണുകൾ വരാത്ത നിലയിലാണ് നിർമാണം.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ. പുന്നമടഭാഗത്ത് 53 മീറ്ററും നെഹ്റുട്രോഫി ഭാഗത്ത് 57 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും ഇരുവശത്തും സർവീസ് റോഡുകളും ഉണ്ടാവും. 57.40 കോടി രൂപയാണ് അടങ്കൽ തുക. കരാറുകാരുമായി ഉടന്‍ എഗ്രിമെന്റ് വെക്കും. നെഹ്റു ട്രോഫി വാർഡിൽ രണ്ടര ഏക്കർ സ്ഥലവും പുന്നമട വാർഡിൽ പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ ആവശ്യമായ സ്ഥലവും ഏറ്റെടുത്തിരുന്നു.
ആലപ്പുഴ നഗരത്തിന്റെ ഭാഗമാണെങ്കിലും പുന്നമട കായലിന് നടുവിലുള്ള രണ്ട് തുരുത്തുകളാണ് നെഹ്റു ട്രോഫി വാർഡ്. ലോകപ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് ഇവിടുത്തെ കായലിലാണ്. പുന്നമടക്കായൽ കടന്ന് നഗരത്തിലെത്താൻ ജലവാഹനങ്ങളാണ് ആശ്രയം. പുന്നമടക്കായലിന് കുറുകെ പാലമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഒടുവിൽ അമൃത് പദ്ധതിയിൽപ്പെടുത്തി പാലം അനുവദിച്ചിരുന്നു. ആംബുലൻസെങ്കിലും കടന്നു പോകുന്ന പാലം ആവശ്യപ്പെട്ടപ്പോൾ കിട്ടിയത് നടപ്പാലമായിരുന്നു. ഏഴ് മീറ്റർ ഉയരമുള്ള നടപ്പാലത്തിൽ പ്രായമുള്ളവർക്ക് കയറാൻ കഴിയാത്ത സ്ഥിതിയാണ്. ബൈക്കും വാഹനങ്ങളും മറുകരയിൽ പാർക്ക് ചെയ്താണ് നാട്ടുകാർ വീട്ടിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.