ആലപ്പുഴ: കുട്ടികള്‍ ഉള്‍പ്പെടെയുള്ള സൈക്കിൾ യാത്രക്കാരുടെ സുരക്ഷക്ക് ചട്ടങ്ങൾ പരിഷ്കരിക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവ്. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറിക്കും ട്രാൻസ്പോർട്ട് കമീഷണർക്കും നിർദേശം നൽകി. നടപടികൾക്ക് കാലതാമസം വന്നാൽ സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിശദമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും ബാലാവകാശ കമീഷൻ അംഗം കെ. നസീർ പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചു.
രാത്രി സൈക്കിളിൽ റിഫ്ലക്ടറുകൾ ഘടിപ്പിക്കുകയും മധ്യലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഹെൽമറ്റ്, റിഫ്ലക്ട് ജാക്കറ്റ് എന്നിവ ധരിക്കണം. അമിതവേഗത്തിലുള്ള യാത്രകൾ നിയന്ത്രിക്കണം. ദേശീയ പാതകളിലും മറ്റുറോഡുകളിലും സൈക്കിൾ യാത്രക്ക് പ്രത്യേക ഭാഗം അടയാളപ്പെടുത്തി ട്രാക് സ്ഥാപിക്കണം. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ സ്കൂള്‍ പരിസരങ്ങളിലും സമീപമുള്ള റോഡുകളിലും രാവിലെയും വൈകീട്ടും ഡ്യൂട്ടിക്ക് നിയോഗിക്കണം.
യാത്രക്കാരുടെ സുരക്ഷിതത്തിന് ചട്ടങ്ങൾ നിർമിക്കാൻ സർക്കാറിന് അധികാരമുള്ളതിനാൽ ഇതിനനുസൃതമായി ചട്ടങ്ങൾ കൊണ്ടുവരുകയോ കേരള മോട്ടോർ വാഹന ചട്ടങ്ങൾ പരിഷ്കരിക്കുകയോ ചെയ്യണം. ഇതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ട്രാൻസ്പോർട്ട് വകുപ്പ് എന്നിവർ സ്വീകരിക്കണം. സൈക്കിൾ അപകടങ്ങൾ സംസ്ഥാനത്ത് വർധിച്ചത് ഒഴിവാക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ പ്രവർത്തക സുനന്ദ കമീഷന് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.