ആലപ്പുഴ: മൈതാനത്ത് നിറഞ്ഞാടി കളിക്കളത്തിൽനിന്ന് വിടവാങ്ങിയ പഴയകാല ഫുട്ബാൾ താരങ്ങളെ സഹായിക്കാൻ ജീവകാരുണ്യത്തിന്റെ പുതുവഴി തേടി കേരളത്തിന്റെ സൂപ്പർതാരങ്ങൾ ആലപ്പുഴയുടെ മണ്ണിൽ പോരിനിറങ്ങും. ജില്ല ഒളിമ്പിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി ഏഴിന് മാരാരിക്കുളം പ്രീതികുളങ്ങര ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ഓൾ സ്റ്റാർ ചാരിറ്റി സെവൻസ് പ്രദർശനമത്സരത്തിലാണ് യുവ ഫുട്ബാളർമാർ മാറ്റുരക്കുക. അവശതയനുവഭിക്കുന്ന പഴയകാല ഫുട്ബാൾ താരങ്ങളുടെ ജീവിതപ്രാരാബ്ധം തിരിച്ചറിഞ്ഞ് സഹായഹസ്തം നീട്ടുന്ന മത്സരത്തിന്റെ ആവേശത്തിലാണ് നാടും നഗരവും.
ഐ.എസ്.എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി അടക്കമുള്ള മത്സരങ്ങളിലെ മുൻതാരങ്ങളും നിലവിൽ കളിക്കുന്നവരുമായ മുഹമ്മദ് റാഫി, അനസ് എടത്തൊടിക, രാഹുൽ, സി.കെ. വിനീത്, ആഷിക് ഉസ്മാൻ, എൻ.പി. പ്രദീപ്, സുശാന്ത് മാത്യു, ആസിഫ് കോട്ടയിൽ, പ്രശാന്ത്, ലിയോൺ അഗസ്റ്റിൻ, മഷൂർ ഷരീഫ്, വി.പി. സുഹൈർ, അബ്ദുൽ റബീഹ്, മുഹമ്മദ് ഇർഷാദ് തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
പ്രഫഷനൽ താരങ്ങളുടെ മത്സരത്തിന് മുന്നോടിയായി ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരുള്ള യുട്യൂബർമാരുടെ സെവൻസ് ഫുട്ബാൾ മത്സരവുമുണ്ടാകും. കേരളത്തിലെ പ്രശസ്തരായ 36 യുട്യൂബേഴ്സാണ് ഇതിന് ചുക്കാൻപിടിക്കുന്നത്. അർജുൻ, കാസ്ട്രോ, ഉബൈദ് ഇബ്രാഹീം, തൊപ്പി, ചട്ടമ്പീസ് തുടങ്ങിയ യുട്യൂബേഴ്സ് അടക്കമുള്ളവരുടെ പങ്കാളിത്തമുണ്ട്. മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് പങ്കെടുക്കുന്ന യൂട്യൂബർമാരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി പൊതുജനങ്ങൾക്ക് കാണാനുള്ള അവസരവുമുണ്ട്. സ്ട്രീമിങ്ങിൽനിന്ന് ലഭിക്കുന്ന വരുമാനം പങ്കെടുക്കുന്ന താരങ്ങളുടെയും യൂട്യൂബർമാരുടെയും ഉത്തരവാദിത്തത്തിൽ അർഹരായ മുൻകാല താരങ്ങൾക്ക് നൽകും. 25 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ഒളിമ്പിക് അസോ. പ്രസിഡന്റ് വി.ജി. വിഷ്ണു എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.