തുറവൂർ: ദേശീയപാതയിൽ അരൂർ- തുറവൂർ ഉയരപ്പാതയുടെ നിർമാണം ‘മിന്നൽ’വേഗത്തിൽ പുരോഗമിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയാണ് പൂർത്തിയാകുന്നത്. അഞ്ച് റീച്ചുകളിലായി നടക്കുന്ന നിർമാണത്തില്‍ അവസാനം ആരംഭിച്ച അരൂര്‍ക്ഷേത്രം മുതല്‍ ബൈപ്പാസ് വരെ മാത്രമാണ് ജോലികള്‍ മന്ദഗതിയിലുള്ളത്. രണ്ട് തൂണുകള്ക്കിടെ ഏഴ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ക്ക് മുകളിലാണ് ഉയരപ്പാത നിർമിക്കുന്നത്. കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ അരൂര്‍, പുത്തന്‍ചന്ത, ചേര്‍ത്തല എന്നീ യാര്‍ഡുകളിലാണ് നിർമിക്കുന്നത്. ഇവിടെ നിന്ന് 100 ചക്രങ്ങളുള്ള പുള്ളര്‍ ലോറിയില്‍ ഗര്‍ഡര്‍ സൈറ്റില്‍ എത്തിക്കും. തുടര്‍ന്ന് ലോഞ്ചിങ് ഗ്യാന്‍ട്രിയുടെ സഹായത്താലാണ് ഇവ മുകളിലേക്ക് കയറ്റി സ്ഥാപിക്കുന്നത്. ഇതിന് മുന്നോടിയായി തൂണുകള്‍ക്ക് മുകളില്‍ ‘വി’ ആകൃതിയില്‍ പിയര്‍ ക്യാപ്പുകളും താൽക്കാലികമായി സ്റ്റീല്‍ ഗര്‍ഡറുകളും സ്ഥാപിക്കും.ഈ ജോലികള്‍ പൂര്‍ത്തീകരിച്ചശേഷം കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ കയറ്റി അതിന് മുകളില്‍ തട്ട് അടിച്ച് കോണ്‍ക്രീറ്റിങ് നടത്തിയാണ് ഉയരപ്പാത യാഥാർഥ്യമാക്കുക.
തുറവൂരില്‍ ഇത്തരത്തില്‍ അഞ്ഞൂറ് മീറ്ററോളവും, എരമല്ലൂരില്‍ 300 മീറ്ററോളവും കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ 30 തൂണുകള്‍ക്കിടയില്‍ കോണ്ക്രീറ്റിങിനായുള്ള ജോലികള്‍ പുരോഗമിക്കുകയുമാണ്.കോണ്‍ക്രീറ്റ് നടത്തി ഉറച്ച സ്ഥലങ്ങളിൽ താൽക്കാലികമായി സ്ഥാപിച്ച സ്റ്റീല്‍ ഗര്‍ഡറുകള്‍ അഴിച്ചുമാറ്റുന്ന ജോലിയും സമാന്തരമായി നടക്കുന്നുണ്ട്. മൂന്ന് വര്‍ഷ കാലാവധിയില്‍ നിർമാണം പൂർത്തിയാക്കാം എന്നാണ് കരാര്‍ വ്യവസ്ഥ. ഇതില്‍ ഒന്നര വര്‍ഷത്തോളം കഴിഞ്ഞു. മഴ മാറിയതോടെ നിർമാണ പ്രവര്‍ത്തനങ്ങളുടെ വേഗവും വർധിച്ചിട്ടുണ്ട്.
അരൂര്‍ മുതല്‍ തുറവൂര്‍ വരെ 12.75 കിലോമീറ്റര്‍ ദൂരത്തില്‍ നിർമിക്കുന്ന ഉയരപ്പാത ഉയരുന്നത് 354 ഒറ്റത്തൂണുകളിലായാണ്. ഇതില്‍ 240 തൂണുകളുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തീകരിച്ചു. തുറവൂര്‍, എരമല്ലൂര്‍ എന്നിവിടങ്ങളില്‍ ഉയരപ്പാതയുടെ മേല്‍ത്തട്ട് കോണ്‍ക്രീറ്റിങും നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.