തുറവൂർ: ചാവടി മാർക്കറ്റിൽ ശുചിമുറി മാലിന്യം ദുരിതമായി. ശുചിമുറിയുടെ ടാങ്ക് കൂടുതൽ ശേഷിയുള്ളതാക്കി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശുചീകരിച്ച് ദിവസങ്ങൾ കഴിയുംമുമ്പേ ടാങ്ക് നിറയുന്നതാണ് പ്രശ്നം. എന്നാൽ, ടാങ്ക് മാറ്റാതെ വേസ്റ്റ് മാറ്റിയതിന് ശേഷം ഷീറ്റ് ഇട്ട് മൂടിയിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
മാസങ്ങൾക്കു മുമ്പാണ് പുതിയ ശുചിമുറി ചാവടി മാർക്കറ്റിൽ കുത്തിയതോട് പഞ്ചായത്ത് നിർമിച്ചത്. എന്നാൽ, ദിവസങ്ങൾ കഴിയുംമുമ്പേ ടാങ്ക് നിറഞ്ഞ് പരിസരമാകെ ദുർഗന്ധം വമിച്ചിരുന്നു. മാർക്കറ്റിൽ വരുന്നവർക്കും കച്ചവടക്കാർക്കും സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഉള്ളവർക്കും ഉപയോഗിക്കാൻ ആകെയുള്ളത് മാർക്കറ്റിലെ ശുചിമുറി മാത്രമാണ്. ദുർഗന്ധം കാരണം സ്ഥാപനങ്ങൾ തുറക്കാൻ കഴിയുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. മാർക്കറ്റിലേക്കുള്ള പ്രധാന വഴിയിലാണ് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.
മാലിന്യത്തിൽ ചവിട്ടി വേണം മാർക്കറ്റിൽ പ്രവേശിക്കാൻ. നൂറുകണക്കിന് ജനങ്ങളും കച്ചവടക്കാരും വന്നു പോകുന്ന ചാവടി മാർക്കറ്റിൽ ടോയ്ലറ്റ് മതിയായ സൗകര്യങ്ങളോടെ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാർക്കറ്റ് പരിസരത്ത് ആവശ്യത്തിന് ലൈറ്റുകൾ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.