ആലപ്പുഴ: കൃഷിയിൽ നേട്ടവുമായി ട്രാൻസ് വുമൺ ശ്രാവന്തിക. മുളക്കുഴ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ താമസിക്കുന്ന ഇവർക്ക് സ്വന്തമായി വീടും സ്ഥലവുമില്ല. ഇത് തിരിച്ചറിഞ്ഞ പള്ളിക്കാരാണ് താൽക്കാലികമായി താമസിക്കാൻ വീടും സ്ഥലവും നൽകിയത്. കാട് കയറിക്കിടന്ന സ്ഥലം ശ്രാവന്തികയും ഭർത്താവും അച്ഛനും ചേർന്ന് വാസയോഗ്യമാക്കിയാണ് കൃഷി ആരംഭിച്ചത്.
കപ്പ, കാച്ചിൽ, ചേന, ചേമ്പ് എന്നിവയാണ് കൃഷി ചെയ്യുന്നത്. കോഴി, താറാവ്, കരിങ്കോഴി എന്നിവയുമുണ്ട്. മീൻകുളവും തയാറാക്കിയിട്ടുണ്ട്. രണ്ടേമുക്കാൽ ഏക്കർ സ്ഥലത്താണ് കൃഷിയും അനുബന്ധപ്രവർത്തനങ്ങളുമുള്ളത്. കാർഷിക പ്രവർത്തനത്തിന്റെ ഭാഗമായ ഫാം തുടങ്ങാനും മത്സ്യകൃഷിക്കും ശ്രാവന്തികയെ ജില്ല പഞ്ചായത്ത് സഹായിക്കും.
ഇതിനായി ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കായി സാമൂഹിക സമഗ്രപദ്ധതി നടപ്പാക്കും. ശ്രാവന്തികയുടെ കാർഷിക വിളവെടുപ്പ് ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. താഹ, അംഗങ്ങളായ ഹേമലത, ആർ. റിയാസ്, സാമൂഹിക നീതി ജില്ല ഓഫിസർ എ.ഒ. അബീൻ, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് അനിൽ ജി. രാജമ്മ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.