മലപ്പുറം: ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. ജില്ല പഞ്ചായത്തിലെ ആതവനാട് (ജനറൽ), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ മൂന്നാംപടി (ജനറൽ), മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല (ജനറൽ), കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം (വനിത) വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. എല്ലായിടത്തും ചൊവ്വാഴ്ച വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിച്ചു. ബുധനാഴ്ച നിശ്ശബ്ദ പ്രചാരണം നടക്കും.
ജില്ല പഞ്ചായത്തിലെ ആതവനാട് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ ബഷീർ രണ്ടത്താണിയും ആതവനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. അബ്ദുൽ കരീം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായും മത്സരിക്കുന്നു. വിജയകുമാർ കാടാമ്പുഴ എൻ.ഡി.എ സ്ഥാനാർഥിയായും അഷറഫ് പുത്തനത്താണി എസ്.ഡി.പി.ഐയുടെ പ്രതിനിധിയായിയും മത്സര രംഗത്തുണ്ട്. ജില്ല പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസയുടെ നിര്യാണത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
മലപ്പുറം നഗരസഭ മൂന്നാംപടി വാർഡിൽ കെ.എം. വിജയലക്ഷ്മി എൽ.ഡി.എഫിനായും ജിതേഷ് ജിത്തു യു.ഡി.എഫിനായും കാർത്തിക ചന്ദ്രൻ എൻ.ഡി.എക്കായും മത്സരരംഗത്തുണ്ട്. പോക്സോ കേസിൽ പ്രതിയായ കെ.വി. ശശികുമാർ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
മഞ്ചേരി നഗരസഭ കിഴക്കേത്തലയിൽ യു.ഡി.എഫിനായി കോണി ചിഹ്നത്തിൽ പരേറ്റ മുജീബ് റഹ്മാൻ മത്സരിക്കും. എൽ.ഡി.എഫിനായി സ്വതന്ത്ര സ്ഥാനാർഥിയായി തലാപ്പിൽ സജീറാണ് ജനവിധി തേടുന്നത്. എസ്.ഡി.പി.ഐക്കായി ലത്തീഫ് വല്ലാഞ്ചിറയും മത്സരിക്കും. വാർഡിലെ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ്.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രമേശൻ കരിപറമ്പത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. യു.ഡി.ഫിനുവേണ്ടി ലീഗിലെ സി.ടി. അയ്യപ്പൻ മത്സരിക്കും. എൽ.ഡി.ഫ് സ്ഥാനാർഥിയായിയായി ഭാസ്കരനും ബി.ജെ.പിക്കുവേണ്ടി പത്മനാഭനുമാണ് മത്സരിക്കുന്നത്.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ 12ാം വാർഡിലെ എടച്ചലത്ത് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ബുഷ്റ കവർതൊടി, യു.ഡി.എഫിലെ മുഹ്സീനത്ത്, ബി.ജെ.പിയിലെ ധന്യ എന്നിവരാണ് മത്സരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന റംല കറത്തൊടിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വെള്ളിയാഴ്ച വോട്ടെണ്ണൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.