ചാരക്കേസ്​: നമ്പി നാരായണൻ അന്വേഷണ ഉദ്യോഗസ്ഥർക്ക്​ ഭൂമി നൽകിയത്​ അന്വേഷിക്കണമെന്ന ഹരജി തള്ളി

കൊച്ചി: നമ്പി നാരായണനും ഐ.എസ്.ആർ.ഒ ചാരക്കേസിൻെറ അന്വേഷണച്ചുമതലയുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള സി.ബി.ഐ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന ഹരജി ഹൈകോടതി തള്ളി. ഇതുസംബന്ധിച്ച ത​ൻെറ ആവശ്യം തള്ളിയ തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഐ.എസ്.ആർ.ഒ ഗൂഢാലോചനക്കേസിലെ ഒന്നാം ​പ്രതി എസ്. വിജയൻ നൽകിയ ഹരജിയാണ്​ ജസ്​റ്റിസ്​ ആർ. നാരായണ പിഷാരടി തള്ളിയത്. അതേസമയം, മതിയായ തെളിവുണ്ടെങ്കിൽ അന്വേഷണ ആവശ്യവുമായി ഹരജിക്കാരന്​ വീണ്ടും സി.ബി.ഐ പ്രത്യേക കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ചാരക്കേസ്​​ അന്വേഷണം അട്ടിമറിക്കാൻ 2004ൽ സി.ബി.ഐ ഉദ്യോഗസ്ഥനായിരുന്ന ഡി.ഐ.ജി രാജേന്ദ്ര നാഥ് കൗളിനടക്കം തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ നാങ്കുനേരിയിലുള്ള സ്ഥലം നമ്പി നാരായണൻ സമ്മാനമായി എഴുതി നൽകിയെന്നാണ്​ ഹരജിയിൽ ആരോപിക്കുന്നത്​. ഇതി​ൻെറ അടിസ്ഥാനത്തിലാണ്​ ഐ.എസ്.ആർ.ഒ ചാരക്കേസ് എഴുതിത്തള്ളണമെന്ന് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട്​ നൽകിയത്​. രാജേന്ദ്ര നാഥ് കൗൾ അടക്കമ​ുള്ളവരെ എതിർകക്ഷിയാക്കിയാണ്​ ഹരജി. ആരോപണങ്ങൾ ബാലിശമാണെന്ന്​ വിലയിരുത്തിയാണ്​ സ്​പെഷൽ കോടതി ഹരജി തള്ളിയത്​. അടിസ്ഥാനരഹിത ആരോപണങ്ങളാണ്​ ഹരജിക്കാരൻ ഉന്നയിച്ചിരിക്കുന്നതെന്ന പ്രത്യേക കോടതി ഉത്തരവ്​ ഹൈകോടതിയും ശരിവെച്ചു. അഴിമതിവിരുദ്ധ നിയമ പ്രകാരം അന്വേഷണം നടത്താനുള്ള ഘടകങ്ങൾ പ്രഥമദൃഷ്​ട്യാ പരാതിയിലില്ല. ചാരക്കേസ്​ എഴുതിത്തള്ളാൻ റിപ്പോർട്ട്​ നൽകി എട്ടുവർഷത്തിനുശേഷം നടന്ന ഭൂമി ഇടപാടി​ൻെറ പേരിൽ അഴിമതി നിരോധന നിയമം ബാധകമാകില്ല. ഹരജിക്കാരൻ ഹാജരാക്കിയിരിക്കുന്ന രേഖകൾ സംശയാതീതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ്​ ഹരജി തള്ളിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.