Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:05 AM GMT Updated On
date_range 16 Nov 2021 12:05 AM GMTചാരക്കേസ്: നമ്പി നാരായണൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭൂമി നൽകിയത് അന്വേഷിക്കണമെന്ന ഹരജി തള്ളി
text_fieldsbookmark_border
കൊച്ചി: നമ്പി നാരായണനും ഐ.എസ്.ആർ.ഒ ചാരക്കേസിൻെറ അന്വേഷണച്ചുമതലയുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള സി.ബി.ഐ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന ഹരജി ഹൈകോടതി തള്ളി. ഇതുസംബന്ധിച്ച തൻെറ ആവശ്യം തള്ളിയ തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എസ്.ആർ.ഒ ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ്. വിജയൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടി തള്ളിയത്. അതേസമയം, മതിയായ തെളിവുണ്ടെങ്കിൽ അന്വേഷണ ആവശ്യവുമായി ഹരജിക്കാരന് വീണ്ടും സി.ബി.ഐ പ്രത്യേക കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ചാരക്കേസ് അന്വേഷണം അട്ടിമറിക്കാൻ 2004ൽ സി.ബി.ഐ ഉദ്യോഗസ്ഥനായിരുന്ന ഡി.ഐ.ജി രാജേന്ദ്ര നാഥ് കൗളിനടക്കം തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ നാങ്കുനേരിയിലുള്ള സ്ഥലം നമ്പി നാരായണൻ സമ്മാനമായി എഴുതി നൽകിയെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്. ഇതിൻെറ അടിസ്ഥാനത്തിലാണ് ഐ.എസ്.ആർ.ഒ ചാരക്കേസ് എഴുതിത്തള്ളണമെന്ന് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. രാജേന്ദ്ര നാഥ് കൗൾ അടക്കമുള്ളവരെ എതിർകക്ഷിയാക്കിയാണ് ഹരജി. ആരോപണങ്ങൾ ബാലിശമാണെന്ന് വിലയിരുത്തിയാണ് സ്പെഷൽ കോടതി ഹരജി തള്ളിയത്. അടിസ്ഥാനരഹിത ആരോപണങ്ങളാണ് ഹരജിക്കാരൻ ഉന്നയിച്ചിരിക്കുന്നതെന്ന പ്രത്യേക കോടതി ഉത്തരവ് ഹൈകോടതിയും ശരിവെച്ചു. അഴിമതിവിരുദ്ധ നിയമ പ്രകാരം അന്വേഷണം നടത്താനുള്ള ഘടകങ്ങൾ പ്രഥമദൃഷ്ട്യാ പരാതിയിലില്ല. ചാരക്കേസ് എഴുതിത്തള്ളാൻ റിപ്പോർട്ട് നൽകി എട്ടുവർഷത്തിനുശേഷം നടന്ന ഭൂമി ഇടപാടിൻെറ പേരിൽ അഴിമതി നിരോധന നിയമം ബാധകമാകില്ല. ഹരജിക്കാരൻ ഹാജരാക്കിയിരിക്കുന്ന രേഖകൾ സംശയാതീതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story