സംരംഭകസൗഹൃദ കേരളത്തിന് മനോഭാവം മാറ്റണം -ടൈ കേരള

കൊച്ചി: സംസ്ഥാനത്തുടനീളം സംരംഭകരോടും തൊഴിൽദാതാക്കളോടും സൗഹൃദമനോഭാവം വളർത്തിയെടുക്കേണ്ടതുണ്ടെന്ന് ടൈ കേരള പ്രസിഡൻറ് അജിത് മൂപ്പൻ പറഞ്ഞു. വ്യവസായിക വികസനം ഉറപ്പാക്കുന്നതിന് മന്ത്രി പി. രാജീവ് പ്രഖ്യാപിച്ച അടിസ്ഥാനസൗകര്യ-നയ പരിഷ്കരണങ്ങൾ നടപ്പിൽവരുത്തുന്നതും സംസ്ഥാനത്ത് സംരംഭകസൗഹൃദ ആവാസവ്യവസ്ഥ സൃഷ്​ടിക്കുന്നതും സംബന്ധിച്ച ടൈ കേരള സമ്മേളനത്തിലെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറും ഉയർന്ന ഉദ്യോഗസ്ഥരും വ്യവസായ പുരോഗതിക്ക് കാണിക്കുന്ന അഭിനിവേശം താഴേത്തട്ടി​െല അധികാരശ്രേണിയിൽ കുറഞ്ഞുപോവുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ, ആഗോള നിക്ഷേപകർ നിക്ഷേപ സുരക്ഷിത മേഖലകൾ മാത്രമാണ് തിരയുന്നതെന്ന് കെ.പി.എം.ജി ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ-ഹെൽത്ത് കെയർ തലവനായ ഏലിയാസ് ജോർജ് പറഞ്ഞു. തൊഴിലുടമ-തൊഴിലാളി ബന്ധങ്ങളിലെ സമീപനങ്ങൾ പലതും കാലത്തിന് അനുസൃതമല്ലാത്തതും പരിഹാരം തേടേണ്ടതുമാണ് മാൻ കാൻകോർ ഇൻഗ്രിഡിയൻറ്സ് സി.ഇ.ഒ ജീമോൻ കോര പറഞ്ഞു. വ്യവസായവും കൃഷിയും നാടിനാവശ്യമെന്ന തിരിച്ചറിവ് തുടങ്ങുന്നിടത്ത് കേരളത്തിൻെറ സംരംഭകസംസ്കാരം ആരംഭിക്കുമെന്ന് വി.കെ.സി ഗ്രൂപ് മാനേജിങ് ഡയറക്ടർ വി.കെ.സി റസാഖ് പറഞ്ഞു. വിദ്യാർഥികളിൽനിന്ന് സംരംഭകത്വം ആരംഭിക്കണമെന്ന് പ്രമോദ് നാരായൺ എം.എൽ.എ അഭിപ്രായപ്പെട്ടു. നിയമങ്ങളുടെ പൊളിച്ചെഴുത്ത് കൊണ്ടുമാത്രം പ്രശ്നപരിഹാരമാവുന്നില്ലെന്ന് മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ വി.ടി. ബൽറാം പറഞ്ഞു. സംസ്ഥാനത്തിൻെറ ഭൂപ്രകൃതി മിക്കതും പരിസ്ഥിതിലോലമാണ്. ഭൂമിയുടെ വിനിയോഗത്തിന് കൃത്യതയില്ല. എല്ലായിടത്തും വീടുവെക്കാം. ലക്ഷ്യബോധത്തോടെ സോണുകൾ തിരിച്ചുള്ള ഭൂമി വിനിയോഗം ഇല്ലാത്തത് ഒരു പ്രധാന പോരായ്മയാണ്. ഓരോ പഞ്ചായത്തുതലത്തിലും തൊഴിൽ സാധ്യതകൾ ഉയർത്തുന്ന നിക്ഷേപ-സംരംഭങ്ങൾ മനസ്സിലാക്കി അവ കൊണ്ടുവരാൻ സാധിക്കണമെന്നും വി.ടി. ബൽറാം പറഞ്ഞു. രാജമാണിക്യം, മറൈൻ ​േപ്രാഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മൻെറ് അതോറിറ്റി ചെയർമാൻ കെ.എസ്. ശ്രീനിവാസ് എന്നിവർ സർക്കാർ നയ, റെഗുലേറ്ററി സമീപനങ്ങളെക്കുറിച്ച സെഷന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.