കുടുംബശ്രീ തെരഞ്ഞെടുപ്പ്; എസ്. ബിന്ദുവിന് ചുമതല

കാക്കനാട്: പുതുവർഷത്തിൽ നടക്കാനിരിക്കുന്ന കുടുംബശ്രീ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ. എറണാകുളം ജില്ല തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ബിന്ദുവിനെയാണ് ജില്ല തെരഞ്ഞെടുപ്പ് ഒാഫിസറായി കലക്ടർ ജാഫർ മാലിക് ഉത്തരവിറക്കിയത്. വിവിധ തലങ്ങളിലായി 3.5 ലക്ഷത്തോളം സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് ജനുവരി ഏഴ് മുതൽ 25 വരെ നടത്താനാണ് തീരുമാനം. വിജ്ഞാപനം ഈ മാസം 20ന് പുറത്തുവരുമെന്ന് അധികൃതർ വ്യക്തമാക്കി. ജില്ലയിലെ 101 സി.ഡി.എസുകളിലേക്കും 1831 എ.ഡി.എസുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സാധാരണയായി മൂന്ന് വർഷം കൂടുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഇത്തവണ കോവിഡിനെ തുടർന്ന് ഭരണസമിതികളുടെ കാലാവധി ഒരു വർഷം കൂടി നീട്ടി നൽകുകയായിരുന്നു. രണ്ട്‌ തവണ സി.ഡി.എസ് അധ്യക്ഷ ആയവർക്ക് ഇത്തവണ മത്സരിക്കാനാകില്ല. എ.ഡി.എസ് അധ്യക്ഷ, ഉപാധ്യക്ഷ, സെക്രട്ടറി സ്ഥാനവും തുടർച്ചയായി രണ്ട്‌ തവണ മാത്രമേ ഒരാൾക്ക് വഹിക്കാനാകൂ. അയൽക്കൂട്ടം പ്രസിഡൻറ്​, സെക്രട്ടറി സ്ഥാനം തുടർച്ചയായി മൂന്ന്‌ തവണ മാത്രവും. ഇതിന് പുറമേ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ 15 ശതമാനവും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ അഞ്ച്‌ ശതമാനവും സംവരണം ഉറപ്പാക്കാനും തീരുമാനമുണ്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.