വിദ്യാർഥികളെ കയറ്റാതെ പോയ ബസിനെതിരെ നടപടി

പള്ളുരുത്തി: ബസ്​ കാത്തുനിന്ന വിദ്യാർഥികളെ കയറ്റാതെ പാഞ്ഞ സ്വകാര്യബസിനെതിരെ പൊലീസ് നടപടി. നീണ്ട ഇടവേളക്കുശേഷം അധ്യയനം പൂർണതോതിൽ ആരംഭിച്ച തിങ്കളാഴ്ച പള്ളുരുത്തി മരുന്നുകട സ്​റ്റോപ്പിൽ ആയിരുന്നു സംഭവം. ബസ് സ്​റ്റോപ്പിൽനിന്ന്​ വളരെ ദൂരത്തേക്ക് മാറ്റിനിർത്തിയ ബസിനു പിന്നാലെ കുട്ടികൾ ഓടി അടുത്തെങ്കിലും വാഹനം മുന്നോട്ട് എടുത്തുപോവുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന സാമൂഹികപ്രവർത്തകൻ സനൽ ബാബു സംഭവം ഫേസ്​ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത്​ ശ്രദ്ധയിൽപെട്ട മട്ടാഞ്ചേരി അസി.കമീഷണർ വി.ജി. രവീന്ദ്രനാഥ് പള്ളുരുത്തി സി.ഐയോട് സംഭവത്തിൽ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇടക്കൊച്ചി-ഫോർട്ട്​കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന വിശ്വനാഥ് എന്ന ബസിന്‍റെ നടത്തിപ്പുകാരെ പൊലീസ് സ്​റ്റേഷനിൽ വിളിച്ചുവരുത്തി നടപടിയെടുക്കുകയായിരുന്നു. ഉടമയെകൊണ്ട് ഫൈൻ അടപ്പിക്കുകയും തൊഴിലാളികളെ താക്കീത് ചെയ്ത ശേഷം പറഞ്ഞുവിടുകയുമായിരുന്നു. കുട്ടികളെ കയറ്റാത്ത സ്വകാര്യബസുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് അസി.കമീഷണർ പറഞ്ഞു. ഫോർട്ട്​കൊച്ചി കുന്നുംപുറത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾ ബസുകൾ നിർത്താത്തതുമൂലം തിങ്കളാഴ്ച ഏറെ ബുദ്ധിമുട്ടിയിരുന്നു. സംഭവം 'മാധ്യമം' റിപ്പോർട്ട് ചെയ്തതോടെ ചൊവ്വാഴ്ച പൊലീസ് ഉദ്യോഗസ്ഥർ സ്കൂൾ വിട്ട സമയത്ത് വന്നുനിന്ന് ബസുകൾ നിർത്തിച്ചു വിദ്യാർഥികളെ കയറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.