റഷ്യ-യു​ക്രെയ്​ൻ യുദ്ധം: ആശങ്കയോടെ രക്ഷിതാക്കൾ

മട്ടാഞ്ചേരി: യുക്രെയ്നിൽ യുദ്ധം തുടങ്ങിയതോടെ ഏറെ ഭീതിയിലാണ് യുക്രെയ്​നിൽ കഴിയുന്ന വിദ്യാർഥികളുടെ നാട്ടിലെ മാതാപിതാക്കൾ. മെഡിക്കൽ വിദ്യാഭ്യാസത്തിന്​ പതിനായിരത്തിലേറെ ഇന്ത്യക്കാരായ വിദ്യാർഥികൾ യുക്രെയ്നിൽ പഠിക്കുന്നുണ്ട്. റഷ്യയുടെ ഷെല്ലിങ്​ തുടരുമ്പോൾ മാതാപിതാക്കളുടെ ആശങ്കയേറുകയാണ്. യുദ്ധസാധ്യത കണ്ട് മുൻകൂട്ടി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാറിൽനിന്നുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് ചില രക്ഷിതാക്കൾ പറയുന്നത്. നാല് വർഷമായി സഫറേഷ്യ സ്​റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ മെഡിസിന് പഠിക്കുന്ന മുഹമ്മദ് നൂറുൽ അമീന്‍റെ പിതാവ് കരുവേലിപ്പടി സി.എ. ജോസഫ് റോഡിൽ താമസിക്കുന്ന നിസാർ നെല്ലിപ്പിള്ളി മുഹമ്മദ് പറയുന്നത് അന്തരീക്ഷം കലുഷിതമാകും മുമ്പുതന്നെ ഇന്ത്യൻ എംബസി അധികൃതർ യൂനിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ നാട്ടിലേക്ക് അയക്കാൻ സൗകര്യം ഒരുക്കേണ്ടതായിരുന്നെന്നാണ്. ഇന്ത്യൻ വിദ്യാർഥികളെ കൊണ്ടുവരുന്നതിന് കേന്ദ്രസർക്കാർ വിമാനമൊരുക്കിയത് ഒരുസർവിസിൽ മാത്രം ചുരുങ്ങി. ഈടാക്കിയ ചാർജ് മൂന്നിരട്ടിയോളമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം ആസന്നമായതോടെ വിമാന സർവിസ് തുടരാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷക്ക്​ സർക്കാർ നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മേഖലയിൽനിന്ന്​ യുക്രെയ്നിലേക്ക് മെഡിസിൻ പഠനത്തിന് പോയ മറ്റ് വിദ്യാർഥികളുടെ രക്ഷിതാക്കളും കുട്ടികളുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.