ആലുവ: വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് യുവാവ് ഒന്നരമാസമായി അബോധാവസ്ഥയിൽ. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ചികിത്സക്കായി 10 ലക്ഷത്തോളം രൂപ ചെലവഴിച്ച നിർധന കുടുംബം തുടർ ചികിത്സക്കായി സഹായം തേടുകയാണ്. കീഴ്മാട് കുന്നുംപുറം കുന്നശ്ശേരി പള്ളം വീട്ടിൽ കെ.സി. രമേശാണ് (40) ചികിത്സയിൽ കഴിയുന്നത്.
ഏപ്രിൽ 24ന് കീഴ്മാട് ഡോൺബോസ്കോക്ക് സമീപം ബൈക്കിൽ സഞ്ചരിച്ച രമേശിനെ എതിർദിശയിൽനിന്ന് അമിത വേഗത്തിലെത്തിയ മിനിലോറി ഇടിക്കുകയായിരുന്നു. റോഡിൽ തലയടിച്ചുവീണ ഉടൻ രാജഗിരി ആശുപത്രിയിലെത്തിച്ചു. മൂന്നുദിവസം വെന്റിലേറ്ററിലും പിന്നീട് ഐ.സി.യുവിലുമായി ഒരുമാസം ചികിത്സിച്ചു.
തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയായി എറണാകുളം മെഡിക്കൽ ട്രസ്റ്റിലാണ്. കൽപണി തൊഴിലാളിയായിരുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ്. കടംവാങ്ങിയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇതുവരെ ചികിത്സിച്ചത്.
ഇനിയും ഭാരിച്ച ചികിത്സ ചെലവ് താങ്ങാനാകാത്ത കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ കെ.എ. ബഷീർ ചെയർമാനും പി.ജി. ശിവരാമൻ കൺവീനറുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. ഫെഡറൽ ബാങ്ക് മാറമ്പിള്ളി ശാഖയിൽ അക്കൗണ്ടും തുറന്നു. നമ്പർ: 19480100052151. ഐ.എഫ്.എസ്.സി കോഡ്: FDRL 0001948.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.