കാക്കനാട്: വേഗനിയന്ത്രണം പാലിക്കാതെ തിരക്കേറിയ റോഡുകളിൽ വാഹനങ്ങളുടെ മരണപ്പാച്ചിൽ തുടരുന്നു. കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിലടക്കം ബസുകളുടെ മരണപ്പാച്ചിൽ ഭീതി വിതക്കുകയാണ്. പുക്കാട്ടുപടിയിൽനിന്ന് എറണാകുളം ഭാഗത്തേക്കും ആലുവ കളമശ്ശേരി ഭാഗത്തുനിന്ന് കാക്കനാട്ടേക്കും എറണാകുളം ഇടപ്പള്ളി ഭാഗത്തുനിന്ന് പുക്കാട്ടുപടിയിലേക്കും എത്തുന്ന ബസുകളാണ് മരണപ്പാച്ചിൽ നടത്തുന്നത്.
ഡോറുകളിൽ തട്ടിയും അമിതശബ്ദത്തിൽ ഹോണടിച്ചും ബസുകൾ ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. പുക്കാട്ടുപടി ഭാഗത്തുനിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന ബസുകൾ വള്ളത്തോൾ ജങ്ഷനിനിലെത്തി സീപോർട്ട് റോഡിലേക്ക് പ്രവേശിച്ച്, ഈ റോഡിലൂടെ 200 മീ. യാത്രചെയ്ത് വലത്തോട്ട് തിരിഞ്ഞാണ് ഇടപ്പള്ളി റോഡിലേക്ക് കയറുന്നത്.
സീപോർട്ട് റോഡിലൂടെ എതിരെവരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ അമിതവേഗതയിലാണ് കുതിക്കുന്നത്. ഇടപ്പള്ളി ഭാഗത്തേക്കുള്ള തൃക്കാക്കര അമ്പലം റോഡിലേക്ക് ബസ് കയറിയാൽ റോഡിന്റെ വശങ്ങളിൽ നിരവധി സ്കൂളുകൾ ഉണ്ടെന്നതുപോലും ശ്രദ്ധിക്കാതെയാണ് ബസുകൾ പായുന്നത്. വശം കൊടുക്കാൻ സ്ഥലമില്ലെങ്കിലും പിന്നിലും ഒപ്പവുമെത്തി ചെറുവാഹനങ്ങളിലെ ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുന്നതും പതിവാണ്. ചെറുവാഹനങ്ങളും കാൽനടക്കാരും ബസുകളുടെ മുന്നിൽനിന്ന് പലപ്പോഴും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെടുന്നത്. മുന്നറിയിപ്പുകളൊന്നും ഗൗനിക്കാതെയാണ് അമിതവേഗതയിൽ ബസുകൾ സഞ്ചരിക്കുന്നത്.
വിദ്യാർഥികൾ അടക്കമുള്ള കാൽനടക്കാരെപ്പോലും ശ്രദ്ധിക്കാതെയാണ് പുക്കാട്ടുപടി മുതൽ ഇടപ്പള്ളി ഭാഗത്തേക്ക് ബസുകൾ ചീറിപ്പായുന്നത്. വേഗനിയന്ത്രണം പാലിക്കാത്ത ബസുകൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇടപ്പള്ളിയിലും കളമശ്ശേരിയിലും ഗതാഗതപരിഷ്കാരങ്ങൾ നടത്തുന്ന മോട്ടോർ വാഹന വകുപ്പ്, സീപോർട്ട് റോഡിലും ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാർ പറയുന്നത്.
നിലവിൽ ബസപകടം ഉണ്ടായ ഭാഗത്തെ യു-ടേണും വലതു വശത്തേക്ക് കയറി ഇടപ്പള്ളി ഭാഗത്തേക്കുള്ള യാത്രയും നിരോധിക്കുകയും തൊട്ടടുത്ത ഭാരത്മാതാ കോളജിന് അടുത്തുള്ള ഭാഗത്തുനിന്ന് യു-ടേൺ ക്രമീകരണം ഏർപ്പെടുത്തി ഇടപ്പള്ളി ഭാഗത്തേക്ക് പോകാനുള്ള അവസരം ഉണ്ടാക്കണമെന്നും അതുമല്ലെവും ട്രാഫിക് പൊലീസ് ഡ്യൂട്ടി ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.