ആലുവ: ആലുവ -പെരുമ്പാവൂർ, ദേശം-വല്ലംകടവ് റോഡുകളുടെ നവീകരണം ഉടൻ ആരംഭിക്കാൻ ഇതുസംബന്ധിച്ച അവലോകന യോഗത്തിൽ ധാരണയായി. നവീകരണത്തിന് കാലതാമസം നേരിടുന്നതിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചു.
മണ്ഡലത്തിലെ ഈ രണ്ട് പ്രധാന റോഡുകൾ ടാറിങ് നടത്തി പുനരുദ്ധരിക്കുന്ന പ്രവൃത്തിയുടെയും ഈ റോഡിലൂടെ ജലജീവൻ മിഷൻ പദ്ധതിയിലെ പൈപ്പിടൽ പദ്ധതിയുടെയും പുരോഗതി വിലയിരുത്താനാണ് എം.എൽ.എയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും കെ.ആർ.എഫ്.ബി, കിഫ്ബി, ജല അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ആലുവ പാലസിൽ കൂടിയത്. ഈ റോഡുകളിൽ ജലജീവൻ പദ്ധതിയിലെ പൈപ്പിടൽ പൂർത്തിയാക്കുന്നതിന് ആറുമാസത്തെ കാലാവധി വേണമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
പൈപ്പിടൽ പൂർത്തിയായാൽ മാത്രമേ റോഡിന്റെ ടാറിങ് ആരംഭിക്കാനാകൂ എന്ന് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും വിശദീകരിച്ചു. എന്നാൽ, ആറുമാസക്കാലം പൈപ്പിടാൻ കാത്തിരുന്നാൽ കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അപകടങ്ങളുണ്ടാകുവാനും യാത്രക്കാർക്ക് പരിക്കുണ്ടാകുവാനും മറ്റുമുള്ള സാധ്യതകൾ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അതിനാൽ, ടാറിങ് നടത്തി എത്രയുംവേഗം റോഡുകൾ സുഗമമായ സഞ്ചാരത്തിന് യോഗ്യമാക്കുവാൻ പ്രഥമ പരിഗണന നൽകണമെന്ന് ജനപ്രതിനിധികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
പൈപ്പിടൽ അതിനുശേഷം മതിയെന്നും എല്ലാവരും പറഞ്ഞു. ജനപ്രതിനിധികളുടെ ഒറ്റക്കെട്ടായ ആവശ്യം പരിഗണിച്ച് ടെൻഡർ നടപടി പൂർത്തിയായ ഈ റോഡുകളുടെ പണി അടിയന്തരമായി തുടങ്ങാൻ പി.ഡബ്ല്യു.ഡിയോട് ആവശ്യപ്പെടുവാൻ യോഗം തീരുമാനിച്ചു. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് മേൽപറഞ്ഞ റോഡുകളുടെ പുനരുദ്ധാരണം സമയബന്ധിതമായി തീർക്കാത്തതിനുള്ള പ്രധാന കാരണമെന്ന് എം.എൽ.എ യോഗത്തിൽ ആരോപിച്ചു.
സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. യോഗത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സതീശൻ, പി.എ. അബ്ദുൽ നജീബ്, ടി.ആർ. രജീഷ്, റസീന നജീബ്, റസീല ഷിഹാബ്, കെ.ആർ.എഫ്.ബി. എക്സി. എൻജിനീയർ ബിന്ദു പരമേഷ്, അസി. എക്സി. എൻജിനീയർമാരായ കെ.എം.ശിൽപ, കെ.ജെ.സിജി, അസി. എൻജിനീയർമാരായ എ.പി.ശ്രീഷ്മ, എം. മുഹസീന, ജല അതോറിറ്റി എക്സി. എൻജിനീയർ ബി. പ്രിയദർശനി, അസി.എക്സി. എൻജിനീയർ ജയരാജ് ഡി, അസി. എൻജിനീയർ പി.ജി. ജെയിൻ, നൗഷാദ് ഡ്രാഫ്റ്റ്മാൻ കിഫ്ബിയുടെ ജൂനിയർ കൺസൾട്ടന്റ് എൽദോ പൗലോസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.