ആലുവ: ജില്ലയിലെതന്നെ ഏറ്റവും വലിയ ജലസംഭരണികളിൽ ഒന്നായ തുമ്പിച്ചാൽ ചിറയുടെ വികസനം പ്രഖ്യാപനമായി അവശേഷിക്കുകയാണ്. കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാൽ ജലസംഭരണിയായി നിലനിർത്തണമെന്ന കോടതി വിധിക്കും അതിന് കാരണമായ കർഷക സമരങ്ങൾക്കും ശേഷം പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പദ്ധതികളൊന്നും നടപ്പായിട്ടില്ല. അതിനാൽ ഏക്കർകണക്കിന് വിസ്തൃതിയുള്ള ശുദ്ധജല തടാകമാണ് നശിക്കുന്നത്.
തടാകം സംരക്ഷിച്ചാൽ സമീപപ്രദേശങ്ങളിൽ ഭൂഗർഭ ജലലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ഗ്രാമീണ വിനോദസഞ്ചാരവും വികസിപ്പിക്കാം. നിരന്തര കൈയേറ്റങ്ങളും വ്യവസായ ശാലകളിൽനിന്നുള്ള രാസമാലിന്യങ്ങളും ചളിയും കാടും കയറി നശിക്കുന്ന തുമ്പിച്ചാൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2003ൽ നടത്തിയ സമരങ്ങൾക്കൊടുവിൽ 2004ലാണ് പത്തേക്കറിൽ കൂടുതലുള്ള കൈയേറ്റങ്ങൾ അവസാനിപ്പിച്ച് അളന്നുതിരിച്ചത്. ചളിയും പുല്ലുമെല്ലാം കോരിമാറ്റി ആറുലക്ഷത്തിന്റെ പ്രവൃത്തികൾ അന്ന് നടത്തി. 2009ൽ മത്സ്യകൃഷിക്കെന്ന പേരിൽ ലക്ഷങ്ങൾ മുടക്കിയെങ്കിലും അതും എങ്ങുമെത്തിയില്ല. തുടർന്ന് 13 വർഷത്തോളം പുല്ലും കാടും പിടിച്ചുകിടന്ന തുമ്പിച്ചാൽ ചിറയിൽ, കീഴ്മാട് പഞ്ചായത്തിന്റെ നിരന്തര ആവശ്യത്തെതുടർന്ന് ജില്ല ഭരണകൂടത്തിന്റെ ഓപറേഷൻ വാഹിനി പദ്ധതിയിൽപെടുത്തി 2022 ഏപ്രിലിൽ ചളിയും പുല്ലുമെല്ലാം കോരി ബണ്ടുപിടിപ്പിക്കുന്ന പ്രവൃത്തികൾ നടത്തി. എന്നാലിപ്പോഴും പഴയപടിതന്നെയാണ്. 2022ൽ ഓപറേഷൻ വാഹിനി പദ്ധതിപ്രകാരം വാർഡ് മെംബർ ടി.ആർ. രജീഷിന്റെ നേതൃത്വത്തിൽ നല്ലയിനം താമരവള്ളികൾ നിക്ഷേപിച്ചിരുന്നു.
15 വർഷത്തെ ഇടവേളക്കുശേഷമാണ് തുമ്പിച്ചാലിൽ വീണ്ടും താമരവസന്തം തീർത്തത്. അതുകൊണ്ടുതന്നെ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. എന്നാൽ, വേണ്ടത്ര പരിചരണമില്ലാത്തതിനാൽ, തടാകത്തിന്റെ നടുഭാഗത്ത് മാത്രം അവശേഷിച്ച താമര പടർപ്പുകൾ നിലവിൽ പൂവിടുന്നില്ല. ചുറ്റിനും പുല്ല് പടർന്ന് കാടുപിടിച്ച അവസ്ഥയാണ്. വൻതോതിൽ ഒഴുകുന്ന വിഷ, രാസമാലിന്യങ്ങളാണ് ഇവിടത്തെ താമര ഉൾപ്പെടെയുള്ളവയുടെ നാശത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.