അങ്കമാലി: അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തി അങ്കമാലി റെയിൽവേ സ്റ്റേഷനിൽ 12.50 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി. അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ബെന്നി ബഹനാൻ എം.പിയാണ് വികസനം സംബന്ധിച്ച് അറിയിച്ചത്. പദ്ധതിപ്രകാരം റെയിൽവേ സ്റ്റേഷനിലെ ഒന്നും, രണ്ടും പ്ലാറ്റ്ഫോമുകളിൽ റൂഫിങ് എക്സ്റ്റൻഷൻ സ്ഥാപിക്കും. സ്റ്റേഷന്റെ തെക്ക് ഭാഗത്ത് പുതിയ ഫുട്ട് ഓവർ ബ്രിഡ്ജും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക എ.സി വെയ്റ്റിങ് റൂമുകളും നിർമിക്കും.
സ്റ്റേഷന്റെ നിലവിലെ കെട്ടിടത്തിന് മുകളിൽ നാല് പുതിയ റിട്ടയറിങ് റൂമുകളും എട്ടുപേർക്ക് താമസിക്കാവുന്ന എ.സി ഡോർമെറ്ററിയും സ്ഥാപിക്കുമെന്ന് എം.പി പറഞ്ഞു. പ്ലാറ്റ്ഫോമുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനം ഏർപ്പെടുത്തും. കൂടുതൽ ഇരിപ്പിടങ്ങൾ, ലൈറ്റുകൾ, ഫാൻ, കുടിവെള്ള സൗകര്യം തുടങ്ങിയവയായിരിക്കും ആദ്യഘട്ടത്തിൽ നടപ്പാക്കുക.
പദ്ധതിയുടെ ഭാഗമായി നിലവിലെ പാർക്കിങ് സംവിധാനവും ഗുഡ്സ് ഷെഡിന്റെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രാധാന്യവും ദേശീയപാതയിലെ ജില്ല അതിർത്തിയും കണക്കിലെടുത്ത് അങ്കമാലിയിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായും എം.പി അറിയിച്ചു.
ചമ്പന്നൂർ റെയിൽവേ ഓവർബ്രിഡ്ജ് നിർമിക്കുന്നതിനാവശ്യമായ നടപടി റെയിൽവേ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. റോജി എം.ജോൺ എം.എൽ.എ അധ്യക്ഷതവഹിച്ചു. റെയിൽവേ ഡിവിഷനൽ മാനേജർ സച്ചിൻഡർ മോഹൻ ശർമ, അങ്കമാലി ചെയർമാൻ മാത്യു തോമസ്, ഉപാധ്യക്ഷ റീത്ത പോൾ അടക്കമുള്ള ജനപ്രതിനിധികളും സംഘടന പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.