അങ്കമാലി: പെരിങ്ങൽകുത്ത് ഡാം തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ, പുഴയുടെ കരകളിൽ താമസിക്കുന്നവർ ആശങ്കയിൽ. സംഭരണശേഷിയുടെ പരിധി കവിഞ്ഞതോടെ ബുധനാഴ്ചയാണ് പെരിങ്ങൽകുത്ത് ഡാം തുറന്നത്. പുഴയിൽ മണിക്കൂറുകൾക്കകം മൂന്നടിയോളം ജലം ഉയർന്നു.
പെരിങ്ങൽകുത്ത് ഡാം തുറന്നാൽ പ്രധാനമായും തൃശൂർ, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലക്കുടിപ്പുഴയിലേക്കായിരിക്കും വെള്ളം ഒഴുകിയെത്തുക. ഡാം തുറന്നത് ജില്ലയുടെ തെക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിൽ താമസിക്കുന്ന പല കുടുംബങ്ങളും അറിഞ്ഞിട്ട് പോലുമില്ലത്രെ. മഴ ശക്തിപ്രാപിച്ചാൽ പെരിങ്ങൽകുത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന അപ്പർ ഷോളയാർ, ലോവർ ഷോളയാർ, പറമ്പിക്കുളം, തുവെള്ളപ്പാരം, തൂണക്കടവ് തുടങ്ങിയ അഞ്ച് ഡാമുകൾ കൂടി തുറക്കേണ്ടിവരും.
അതോടെ വെള്ളം ഒന്നാകെ ചാലക്കുടിപ്പുഴയിലേക്കായിരിക്കും ഒഴുകിവരിക. ചാലക്കുടിപ്പുഴ കരകവിഞ്ഞാൽ അന്നമനട മുതൽ ജില്ലയുടെ പ്രദേശങ്ങൾ ഉൾപ്പെട്ട കാടുകുറ്റി, പാലിശ്ശേരി, പുവ്വത്തുശ്ശേരി, പാറക്കടവ്, കൊച്ചുകടവ്, എരവത്തൂർ, കുത്തിയതോട്, മൂഴിക്കുളം തുടങ്ങിയ പ്രദേശങ്ങളിലും പാറക്കടവ്, കുന്നുകര, പുത്തൻവേലിക്കര തുടങ്ങിയ പ്രദേശങ്ങളിലും അനേകം കുടുംബങ്ങൾ കെടുതിയിൽപ്പെടും.
പെരിയാറും ചാലക്കുടിയാറും സംഗമിക്കുന്നത് പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കരയിലാണ്. ചാലക്കുടിപ്പുഴ കരകവിഞ്ഞാൽ മാഞ്ഞാലിത്തോട്, ആലുവത്തോട് അടക്കമുള്ള ഇടത്തോടുകളിലും കൈവഴികളിലും ജലനിരപ്പ് ഉയരും.
2018ലെ പ്രളയത്തിലും തുടർന്നുള്ള വർഷങ്ങളിലും ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകിയിരുന്നു. മുന്നറിയിപ്പോ ആവശ്യമായ മുൻകരുതലുകളോ ജാഗ്രത നിർദ്ദേശങ്ങളോ ഇല്ലാതെ പെരിങ്ങൽകുത്ത് ഡാമുമായി ബന്ധപ്പെട്ട അപ്പർ ഷോളയാർ, ലോവർ ഷോളയാർ, പറമ്പിക്കുളം തുടങ്ങിയ ഡാമുകൾ ഏതെങ്കിലും തുറന്നാൽ പോലും ചാലക്കുടിപ്പുഴയോരത്ത് താമസിക്കുന്നവർ ദുരിതം പേറേണ്ടിവരും.
2018ലും 2019ലും ഒരു ജാഗ്രത നിർദ്ദേശവും നൽകാതെ എല്ലാ ഡാമുകളും തുറന്നതോടെയാണ് ചാലക്കുടിപ്പുഴയെ പ്രളയം വിഴുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.