അങ്കമാലി: പരാതികളുടെയും പ്രതിഷേധങ്ങളുടെയും കാത്തിരിപ്പിനൊടുവിൽ അങ്കമാലി അങ്ങാടിക്കടവ് റയിൽവേ അടിപ്പാത ഗതാഗതത്തിന് തുറന്നുനൽകി. അങ്കമാലിയിൽ നിന്ന് അങ്ങാടിക്കടവ് വഴി വട്ടപ്പറമ്പിലേക്ക് പോകുന്ന പൊതുമരാമത്ത് റോഡിലെ റെയിൽവേ അടിപ്പാതയാണ് സ്വകാര്യ ബസുകൾ അടക്കമുള്ള എല്ലാ വാഹനങ്ങൾക്കുമായി വ്യാഴാഴ്ചതുറന്നു നൽകിയത്.
അങ്ങാടിക്കടവ് റെയിൽവെ ഗേറ്റ് രാപ്പകൽ ഭേദമില്ലാതെ തുടർച്ചയായി അടച്ചിടുമ്പോൾ നൂറ് കണക്കിന് ചെറുതും വലതുമായ വാഹനങ്ങൾ മണിക്കൂറുകളോളമാണ് പലപ്പോഴും കാത്തുകിടക്കേണ്ടി വരുന്നത്.
അനേകമാളുകളെ കാലങ്ങളായി ബാധിച്ച ദുരിത യാത്രക്ക് പരിഹാരമായാണ് അങ്ങാടിക്കടവിൽ അടിപ്പാത നിർമാണത്തിന് സതേൺ റെയിൽവെ അനുമതി നൽകിയത്. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച നിർമാണം ആറുമാസം കൊണ്ട് പൂർത്തിയാക്കുമെന്നാണറിയിച്ചിരുന്നത്. എന്നാൽ, പല കാരണങ്ങളാൽ നിർമാണം നീണ്ടുപോയി. അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഫെബ്രുവരി 26ന് മറ്റ് ഉദ്ഘാടനങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി അങ്ങാടിക്കടവ് അടിപ്പാതയുടെ ഉദ്ഘാടനം നിർവഹിച്ചത്. നിർമാണം പാതിവഴിയിൽ സ്തംഭിച്ചിരിക്കെ കനത്ത മഴയിൽ അപ്രോച്ച് റോഡുകൾ കുണ്ടും കുഴികളുമായായിരുന്നു.
കാൽനട യാത്ര പോലും അസാധ്യമായിരിക്കെ പ്രധാനമന്ത്രി ഉദ്ഘാടനം പ്രഖ്യാപിച്ചത് ആക്ഷേപത്തിനും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. കുളമായ റോഡിൽ തലങ്ങും വിലങ്ങുമായി കിടന്ന നിർമാണ സാമഗ്രികൾക്കിടയിലൂടെയാണ് ഇരുചക്രവാഹനങ്ങൾ കടന്നുപോയിരുന്നത്.
ഇതുവഴി സർവീസ് നടത്തിയിരുന്ന ഏഴ് സ്വകാര്യ ബസുകൾ കരയാംപറമ്പ് വഴി ചുറ്റിക്കറങ്ങിയും ട്രിപ്പുകൾ വെട്ടിച്ചുരുക്കിയുമാണ് 10 മാസമായി ഓടിയിരുന്നത്. സ്കൂൾ ബസ്സുകൾക്ക് പോലും സഞ്ചരിക്കാൻ പറ്റാതെ വന്ന അവസ്ഥ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്.
വ്യാഴാഴ്ച അടിപ്പാത തുറന്നുകൊടുത്തതോടെ ചാക്കരപ്പറമ്പ്, പീച്ചാനിക്കാട്, കോടുശ്ശേരി, വട്ടപ്പറമ്പ്, മൂഴിക്കുളം തുടങ്ങിയ ഭാഗങ്ങളിലെ നൂറുകണക്കിന് യാത്രക്കാർക്ക് ആശ്വാസമായിരിക്കയാണ്.
അതിനിടെ അങ്ങാടിക്കടവ് അടിപ്പാത ഗതാഗതത്തിന് തുറന്ന് നൽകിയതോടെ സ്വകാര്യ ബസുകൾ പൂർണമായും സർവിസ് പുന:രാരംഭിച്ചതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി മേഖല സെക്രട്ടറി ബി.ഒ. ഡേവിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.